നടിയും ടെലിവിഷൻ അവതാരകയുമായ സുബി സുരേഷിനെ അവസാനമായി കാണാനെത്തിയ സഹപ്രവർത്തകർക്കും സുഹൃത്തുക്കൾക്കും കണ്ണീരടയ്ക്കാൻ കഴിയുന്നില്ല. പുത്തൻപള്ളി ഓഡിറ്റോറിയത്തിൽ പൊതുദർശനത്തിന് വച്ചിരിക്കുന്ന സുബിയുടെ മൃതദേഹത്തിൽ ആദാരഞ്ജലികളർപ്പിക്കാൻ നിരവധി പേരാണ് ഒഴുകിയെത്തുന്നത്.
സിനിമ-സീരീയൽ-മിമിക്രി രംഗത്തുനിന്നുള്ള നിരവധി പേരാണ് എത്തിക്കൊണ്ടിരിക്കുന്നത്. ഹാസ്യരംഗത്ത് ഏവരുടെയും പ്രീതി പിടിച്ചു പറ്റിയ നടിയാണ് സുബി സുരേഷ്. തന്റേതായ തനതുശൈലിയിൽ സംസാരിച്ച് രസകരമായി കാര്യങ്ങളെ മാറ്റിയെടുക്കാനുള്ള അസാധ്യമായ കഴിവുള്ള ചുരുക്കം ചില നടിമാരിൽ ഒരാളായിരുന്നു സുബി.
ടെലിവിഷന്‍ ചാനലുകളിലും സ്റ്റേജ് ഷോകളിലുമായി നിരവധി സ്കിറ്റുകളില് വിവിധതരത്തിലുള്ള കോമഡി റോളുകള്‍ സുബി ചെയ്തു. സൂര്യ ടിവിയിലെ കുട്ടിപ്പട്ടാളം എന്ന കൊച്ചുകുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള പരിപാടിയുടെ അവതാരകയായും സുബി തിളങ്ങി.
എല്‍സമ്മ എന്ന ആണ്‍കുട്ടി, പഞ്ചവര്‍ണ്ണ തത്ത, ഡ്രാമ എന്നിവയുള്‍പ്പെടെ ഇരുപതിലധികം സിനിമകളില്‍ അഭിനയിച്ചു.