+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഐക്യ ആഹ്വാനവുമായി യൂറോപ്യൻ യൂണിയൻ വജ്രജൂബിലി

റോം: യൂറോപ്യൻ യൂണിയൻ രൂപീകരണത്തിന്‍റെ അറുപതാം വാർഷികം ബ്രെക്സിറ്റിന്‍റെ നിഴലിൽ ആഘോഷിച്ചു. വജ്ര ജൂബിലിയോടനുബന്ധിച്ചുള്ള പ്രത്യേക ഉച്ചകോടി ഇറ്റലിയിലെ റോമിലാണ് ചേർന്നത്. ബ്രെക്സിറ്റ് നടപടിക്രമങ്ങളു
ഐക്യ ആഹ്വാനവുമായി യൂറോപ്യൻ യൂണിയൻ വജ്രജൂബിലി
റോം: യൂറോപ്യൻ യൂണിയൻ രൂപീകരണത്തിന്‍റെ അറുപതാം വാർഷികം ബ്രെക്സിറ്റിന്‍റെ നിഴലിൽ ആഘോഷിച്ചു. വജ്ര ജൂബിലിയോടനുബന്ധിച്ചുള്ള പ്രത്യേക ഉച്ചകോടി ഇറ്റലിയിലെ റോമിലാണ് ചേർന്നത്. ബ്രെക്സിറ്റ് നടപടിക്രമങ്ങളുടെ പശ്ചാത്തലത്തിൽ ബ്രിട്ടൻ ഇല്ലാതെയാണ് യോഗം ചേർന്നത്.

ശേഷിക്കുന്ന 27 അംഗരാജ്യങ്ങൾ ഐക്യത്തിന്‍റെ ആഹ്വാനം ഉൾക്കൊള്ളുന്ന പ്രഖ്യാപനത്തിൽ ഒപ്പുവച്ചു. വരുന്ന പത്തു വർഷത്തേയ്ക്കുള്ള പദ്ധതികളാണ് ഇതിലുള്ളത്.

1957 ലാണ് ക്യാപ്പിറ്റോലിൻ ഹില്ലിൽ ആറു രാജ്യങ്ങൾ യൂറോപ്യൻ യൂണിയൻ രൂപീകരണ ഉടന്പടി ഒപ്പുവച്ചത്. റോം ഉടന്പടി എന്ന് ഇതറിയപ്പെടുന്നു.

വജ്ര ജൂബിലി ഉച്ചകോടിക്കെത്തിയ പ്രതിനിധികളെ യൂറോപ്യൻ യൂണിയൻ പ്രസിഡന്‍റ് ഡോണൾഡ് ടസ്കും ഇറ്റലിയുടെയും മാൾട്ടയുടെയും പ്രധാനമന്ത്രിമാരും ചേർന്ന് സ്വീകരിച്ചു. യൂറോപ്യൻ യൂണിയൻ നൂറാം വാർഷികവും ആഘോഷിക്കുമെന്ന് ഇതോടനുബന്ധിച്ചു നൽകിയ അഭിമുഖത്തിൽ യൂറോപ്യൻ കമ്മീഷൻ മേധാവി ക്ലോദ് ജുങ്കർ പ്രഖ്യാപിക്കുകയും ചെയ്തു.

ഉച്ചകോടിക്കെത്തിയ നേതാക്കൾ നേരത്തെ ഫ്രാൻസിസ് മാർപാപ്പയുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. യൂണിയന്‍റെ പ്രവർത്തനങ്ങളോട് അദ്ദേഹം ഐക്യദാർഢ്യം അറിയിക്കുകയും ചെയ്തു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ