+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഹോപ്പ് ഫോർ ദി ബെസ്റ്റ് ചാരിറ്റി ഗാലയ്ക്ക് ഉജ്ജ്വല സമാപനം

വിയന്ന: പ്രോസി ഗ്ലോബൽ ഫൗണ്ടേഷൻ വിയന്ന ഇന്‍റർനാഷണൽ സ്കൂളുമായി സഹകരിച്ച് സംഘടിപ്പിച്ച "ഹോപ്പ് ഫോർ ദി ബെസ്റ്റ്’ ചാരിറ്റി ഗാലയ്ക്ക് ഉജ്ജ്വല സമാപനം. വിയന്ന ഇന്‍റർനാഷണൽ സ്കൂളിൽ നടന്ന സമ്മേളനം ശ്രീലങ
ഹോപ്പ് ഫോർ ദി ബെസ്റ്റ് ചാരിറ്റി ഗാലയ്ക്ക് ഉജ്ജ്വല സമാപനം
വിയന്ന: പ്രോസി ഗ്ലോബൽ ഫൗണ്ടേഷൻ വിയന്ന ഇന്‍റർനാഷണൽ സ്കൂളുമായി സഹകരിച്ച് സംഘടിപ്പിച്ച "ഹോപ്പ് ഫോർ ദി ബെസ്റ്റ്’ ചാരിറ്റി ഗാലയ്ക്ക് ഉജ്ജ്വല സമാപനം.

വിയന്ന ഇന്‍റർനാഷണൽ സ്കൂളിൽ നടന്ന സമ്മേളനം ശ്രീലങ്കൻ നർത്തക സ്കൂളിലെ പ്രതിഭകളുടെ നൃത്തത്തോടു കൂടി ആരംഭിച്ചു. തുടർന്നു ശാന്തിഗിരിയുടെയും മഹേർ ആശ്രമത്തിന്‍റെയും പ്രവർത്തന മണ്ഡലങ്ങൾ വിവരിക്കുന്ന പ്രദർശനം നടന്നു. പ്രോസി ഗ്ലോബൽ ഫൗണ്ടേഷൻ ചെയർമാൻ പ്രിൻസ് പള്ളിക്കുന്നേൽ, ഇന്ത്യൻ എംബസിയിൽ നിന്നുള്ള സുഹേൽ അജാസ് ഖാൻ (ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ), സാറാ സ്മിത്ത് ഡി കാസ്ട്രോ (ക്യൂബ എംബസി), ഫാ. ഡോ. തോമസ് താണ്ടപ്പിള്ളി (എംസിസി വിയന്ന) തുടങ്ങിയവർ പ്രസംഗിച്ചു.

കോറോ യൂറോ ലാറ്റിനോ ടീമിന്‍റെ സംഗീതവും മലയാളി കുട്ടികളുടെ ബോളിവുഡ് ഡാൻസും സെനെഗാന്പിയ ഗ്രൂപ്പിന്‍റെ നൃത്തവും ബംഗാളി ഡാൻസും ഏറെ ശ്രദ്ധേയമായി. ജൂലിയ ചെവ്വൂക്കാരൻ, നീന പേരുകാരോട്ട് എന്നിവർ ഗാനങ്ങൾ ആലപിച്ചു. ചാരിറ്റി ഷോയോട് അനുബന്ധിച്ചു കുട്ടികൾക്കുവേണ്ടി ജോണ്‍ ചാക്കോ പള്ളിക്കുന്നേൽ സംഘടിപ്പിച്ച ചിത്രരചനാ മത്സരത്തിന്‍റെ സമ്മാനദാനവും സമ്മേളനത്തിൽ നടന്നു. തന്പോല മത്സരത്തിന് സ്റ്റീഫൻ ചെവ്വൂക്കാരൻ നേതൃത്വം നൽകി.

വിയന്ന മലയാളികൾ അണിയിച്ചൊരുക്കിയ ഹൃസ്വചിത്രം തൂവലിന്‍റെ ആദ്യപ്രദർശനവും അഭിനേതാക്കൾക്കും അണിയറപ്രവർത്തകർക്കും സ്വീകരണത്തിനും ചാരിറ്റി ഗാല വേദിയായി. ചിത്രത്തിന്‍റെ കഥയും തിരക്കഥയുമൊരുക്കിയ മോനിച്ചൻ കളപുരയ്ക്കൽ ചിത്രത്തിന്‍റെ പശ്ചാത്തലവും ചിത്രീകരണ വിശേഷങ്ങളും പ്രേക്ഷരോട് പങ്കുവച്ചു. മലയാളി കത്തോലിക്കാ സമൂഹത്തിന്‍റെ ചാപ്ലിൻ ഫാ. തോമസ് താണ്ടപ്പിള്ളി ചിത്രം പൊതുജനങ്ങൾക്ക് സമർപ്പിച്ചു. ബുർക്കിനാഫാസോയിൽ നിന്നുള്ള ബാലഫോണ്‍ മ്യൂസിക് ഷോ പരിപാടിയിലെ ശ്രദ്ധേയമായ ഇനമായിരുന്നു. പരന്പരാഗത വാദ്യോപകരണങ്ങളുമായി നടത്തിയ ഗാനമേള വ്യത്യസ്തമായ അനുഭവം സമ്മാനിച്ചു. എത്യോപ്യൻ യുവതികളുടെ നൃത്തവും ഏറെ ശ്രദ്ധേയമായി. പ്രശസ്ത മ്യൂസിക് ബാൻഡായ മോസ സിസിക്കും സംഘവും അവതരിപ്പിച്ച ലൈവ് ഷോയോട് കൂടി ഹോപ്പ് ഫോർ ദി ബെസ്റ്റിനു സമാപനമായി.

കേരളത്തിലെ ശാന്തിഗിരി റീഹാബിലിറ്റേഷൻ സെന്‍ററിലെയും പൂനൈയിലെ മഹേർ ആശ്രമത്തിലെയും അന്തേവാസികളായ അഗതികൾക്കും വിഭിന്ന ശേഷിയുള്ള കുട്ടികൾക്കും നിരാലംബരായ സ്ത്രീകൾക്കും വേണ്ടിയുള്ള ഫണ്ട് സമാഹരണത്തിനാണ് ചാരിറ്റി ഷോ സംഘടിപ്പിച്ചത്. ഷോയിൽ നിന്നും ലഭിച്ച മുഴുവൻ തുകയും ലക്ഷ്യമിട്ടിരിക്കുന്ന സ്ഥലങ്ങളിലെ അഗതികൾക്കായി നൽകും.

കഴിഞ്ഞ നാല് വർഷമായിട്ട് വിയന്നയിൽ നടക്കുന്ന ഹോപ്പ് ഫോർ ദി ബെസ്റ്റ് പരിപാടിയിൽ ഓരോ വർഷവും വിവിധ രാജ്യങ്ങളിലെ അർഹതപ്പെട്ടവരെയാണ് തിരഞ്ഞെടുക്കുന്നത്. ഓസ്ട്രിയയിലെ ഭവനരഹിതർക്കും നമീബിയയിലെ കുട്ടികൾക്കു വേണ്ടിയും കഴിഞ്ഞ വർഷങ്ങളിൽ പരിപാടികൾ സംഘടിപ്പിച്ചിരുന്നു.

റിപ്പോർട്ട്: ജോബി ആന്‍റണി