ഭക്ഷ്യവിഷബാധ: ഹോസ്റ്റൽ അടുക്കളകളിൽ കാമറകൾ സ്ഥാപിക്കുമെന്ന് മന്ത്രി

07:11 PM Mar 13, 2017 | Deepika.com
ബംഗളൂരു: തുമകുരു ചിക്കനായകനഹള്ളിയിൽ സ്വകാര്യ സ്കൂൾ ഹോസ്റ്റലിൽ ഭക്ഷ്യവിഷബാധയെത്തുടർന്ന് കുട്ടികൾ മരിച്ച സംഭവത്തിൽ സർക്കാർ കർശന നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി ആഞ്ജനേയ അറിയിച്ചു. വിഷയം ഗൗരവത്തോടെയാണ് കാണുന്നത്. സംസ്ഥാനത്തെ റസിഡൻഷ്യൽ സ്കൂൾ ഹോസ്റ്റലുകളിലെ അടുക്കളകളിൽ സിസിടിവി കാമറകൾ സ്ഥാപിക്കുമെന്നും മന്ത്രി അറിയിച്ചു.

അതേസമയം, ബോർഡിംഗ് നടത്താൻ സ്കൂളിന് അനുമതിയില്ലായിരുന്നുവെന്നാണ് വിവരം. സ്കൂൾ ഉടമകളായ മുൻ എംഎൽഎ കിരണ്‍ കുമാർ, ഭാര്യ കവിത കിരണ്‍ എന്നിവർ ഒളിവിലാണ്.

ബുധനാഴ്ച രാത്രിയാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. ഹോസ്റ്റലിൽ നിന്നു ഭക്ഷണം കഴിച്ച നാലു വിദ്യാർഥികൾക്കും വാർഡനും ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. തുടർന്ന് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മൂന്നു പേർ മരണത്തിനു കീഴടങ്ങി. മരിച്ച രണ്ടു വിദ്യാർഥികൾ മന്ത്രി ടി.ബി. ജയചന്ദ്രയുടെ ബന്ധുക്കളാണ്. ഹോസ്റ്റലിൽ വിളന്പിയ ഭക്ഷണത്തിൽ വിഷം കലർന്നതായി അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. എവിടെനിന്നാണ് വിഷം ഭക്ഷണത്തിലെത്തിയതെന്നതു സംബന്ധിച്ച് അന്വേഷണം നടത്തിവരികയാണ്.