ഉണ്ണി മുകുന്ദൻ നായകനായെത്തിയ മാളികപ്പുറം വൻ വിജയം നേടി തിയറ്ററിൽ പ്രദർശനം തുടരുകയാണ്. ഇപ്പോൾ ചിത്രം 100 കോടി ക്ലബിൽ കയറിയ സന്തോഷമാണ് ചിത്രത്തിന്റെ അണിയറപ്രവർത്തകർ പങ്കുവയ്ക്കുന്നത്. ചിത്രത്തിന്റെ ആഗോള കളക്ഷനാണിത്.
നാൽപത് ദിവസം കൊണ്ടാണ് ചിത്രം നൂറ് കോടി ക്ലബ്ബിൽ ഇടംപിടിച്ചത്. ഡിസംബര്‍ 30 നാണ് ചിത്രം തിയറ്ററുകളിലെത്തിയത്. മൂന്നര കോടിയായിരുന്നു ചിത്രത്തിന്റെ മുതൽമുടക്ക്. ഉണ്ണി മുകുന്ദന്റെ ആദ്യ 100 കോടി ക്ലബ്ബ് ചിത്രമാണിതെന്ന പ്രത്യേകതയും മാളികപ്പുറത്തിനുണ്ട്.
ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഉണ്ണി മുകുന്ദനെക്കൂടാതെ സൈജു കുറുപ്പ്, രമേഷ് പിഷാരടി, ടി.ജി.രവി തുടങ്ങിയവർക്കൊപ്പം ബാലതാരങ്ങളായ ദേവനന്ദന, ശ്രീപദ് എന്നിവരും ചിത്രത്തിലുണ്ട്.
നവാഗതനായ വിഷ്ണു ശശി ശങ്കറാണ് മാളികപ്പുറം സംവിധാനം ചെയ്തത്. കാവ്യ ഫിലിം കമ്പനി, ആൻ മെഗാ മീഡിയ എന്നിവയുടെ ബാനറിൽ പ്രിയ വേണു, നീറ്റ പിന്റോ എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.