സ്മാർട്ട് ഷിഫ്റ്റ് ഇനി ബംഗളൂരുവിലും

06:49 PM Mar 01, 2017 | Deepika.com
ബംഗളൂരു: ലോജിസ്റ്റിക്സ് മേഖലയിൽ ഒരു പുത്തൻ ചുവടുവെയ്പ്പുമായി മഹീന്ദ്ര ഗ്രൂപ്പ്. മുംബൈ, ഹൈദരാബാദ് എന്നീ നഗരങ്ങളിൽ മികച്ചരീതിയിൽ പ്രവർത്തനം നടന്നുകൊണ്ടിരിക്കുന്ന സ്മാർട്ട് ഷിഫ്റ്റ് എന്ന സ്മാർട്ട് ഫോണ്‍ ആപ്ലിക്കേഷൻ ബംഗളൂരു നഗരത്തിലും പ്രവർത്തനം ആരംഭിച്ചു.

വാണിജ്യ-വിപണനമേഖലയിലും ഹൗസ് ഷിഫ്റ്റിംഗ് രംഗത്തും ഉപഭോക്താക്കൾക്ക് വസ്തുകൈമാറ്റം സുഗമമാക്കുവാൻ സ്മാർട്ട് ഷിഫ്റ്റ് വളരെ സഹായകരമാണ്. ഉപഭോക്താവിനാവശ്യമായ വാഹനസൗകര്യം ഒരു വിരൽത്തുന്പിൽ ലഭ്യമാകുന്ന രീതിയിൽ നിർമിതി ചെയ്തിട്ടുള്ള ഈ ആപ്ലിക്കേഷൻ ചുരുങ്ങിയ സമയത്തിനുള്ളിൽ മിതമായ നിരക്കിൽ ഗുഡ്സ് വാഹനങ്ങൾ കണ്ടെ ത്തുന്നതിനും ഉപഭോക്താവിന്‍റെ അഭിരുചിക്കനുസരിച്ച് നിരക്കുകൾ തിരഞ്ഞെടുക്കുവാനും സഹായകമാകുന്നു.

അതുപോലെ തന്നെ വാഹനം ട്രാക്ക് ചെയ്യുവാനും സാധിക്കുന്ന രീതിയിലാണ് ഇതിന്‍റെ പ്രവർത്തനം. ഈ സ്മാർട്ട് ഫോണ്‍ യുഗത്തിൽ സ്മാർട്ട് ഷിഫ്റ്റ് ആപ്ലിക്കേഷൻ ലോജിസ്റ്റിക്സ് മേഖലയിൽ ഒരു പുതിയ വിപ്ലവത്തിന് വഴിവയ്ക്കുമെന്ന് സിഇഒ കൗസല്യ നന്ദകുമാർ വാർത്താസമ്മേളനത്തിൽ അഭിപ്രായപ്പെട്ടു.