ഇ-മാലിന്യമോ..? നോ പ്രോബ്ലം

07:26 PM Feb 28, 2017 | Deepika.com
ബംഗളൂരു: ഇലക്ട്രോണിക് മാലിന്യങ്ങളുടെ നിർമാർജനമാണ് ഇന്ന് നഗരങ്ങൾ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്നം. എന്നാൽ, സൗത്ത് ബംഗളൂരു നിവാസികൾക്ക് അത് ഒരു പ്രശ്നമേയല്ല. തൊട്ടടുത്ത ബാംഗളൂർ വണ്‍ സെന്‍ററിലോ തെരഞ്ഞെടുത്ത പോസ്റ്റ് ഓഫീസുകളിലോ ഇ-മാലിന്യം നിക്ഷേപിക്കാൻ കഴിയും. മാലിന്യനിർമാർജന മേഖലയിൽ പ്രവർത്തിക്കുന്ന സംഘടനകളായ എൻവയോണ്‍മെന്‍റൽ സിനർജീസ് ഇൻ ഡവലപ്മെന്‍റ് (എൻസൈഡ്), സാഹാസ് എന്നിവരുടെ നേതൃത്വത്തിൽ ജെ.പി. നഗറിലും സമീപമേഖലകളിലുമുള്ള പത്ത് വാർഡുകളിലായി ഒന്പത് ബാംഗളൂർ വണ്‍ കേന്ദ്രങ്ങളിൽ ഇ-മാലിന്യ ശേഖരണ യൂണിറ്റുകൾ സ്ഥാപിച്ചിട്ടുണ്ട്.

കഴിഞ്ഞ ഒരു മാസത്തിനിടെ ഈ യൂണിറ്റുകളിലായി 250 കിലോഗ്രാം ഇ-മാലിന്യമാണ് ശേഖരിച്ചത്. ലാപ്ടോപ്പുകൾ, മൊബൈൽ ഫോണുകൾ, ഡിവിഡി, മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങൾ തുടങ്ങിയവയും മാലിന്യത്തിൽ ഉൾപ്പെടുന്നു. ഇതിനായി ഒരു മൊബൈൽ പിക്ക്-അപ് വാഹനവും സർവീസ് നടത്തുന്നുണ്ട്. വിവിധ സ്ഥാപനങ്ങളും റസിഡന്‍റ്സ് വെൽഫെയർ അസോസിയേഷനുകളുമായി ബന്ധപ്പെട്ടാണ് ഇ-മാലിന്യം ശേഖരിക്കുന്നത്. കർണാടക പോസ്റ്റൽ സർക്കിളുമായി സഹകരിച്ച് സൗത്ത് ബംഗളൂരുവിലെ തെരഞ്ഞെടുത്ത പോസ്റ്റ് ഓഫീസുകളിലായി മൂന്നു മാലിന്യശേഖരണ യൂണിറ്റുകൾ ആരംഭിക്കുമെന്ന് എൻസൈഡ് സ്ഥാപകൻ മൻവേൽ ആളൂർ അറിയിച്ചു.