ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം നൻപകൽ നേരത്ത് മയക്കത്തെ പ്രശംസിച്ച് സത്യൻ അന്തിക്കാട്. വളരെ സുന്ദരമായ ചിത്രമാണെന്നും മമ്മൂട്ടി എന്ന അതുല്യനടന്റെ വിസ്മയിപ്പിക്കുന്ന പ്രകടനം കാണാൻ കഴിഞ്ഞുവെന്നും അദ്ദേഹം പറയുന്നു.
"നൻപകൽ നേരത്ത് മയക്കം" കണ്ടു. ഉച്ചമയക്കത്തിലെ സ്വപ്നം പോലൊരു സിനിമ. എത്ര മനോഹരമായാണ് ജെയിംസിന്റെയും സുന്ദരത്തിന്റെയും കഥ ലിജോ പറഞ്ഞത്.
പണ്ട് 'മഴവിൽക്കാവടി'യുടെ ലൊക്കേഷൻ തേടി നടന്ന കാലത്ത് പഴനിയിലെ ഗ്രാമങ്ങൾ ഞാൻ കണ്ടിട്ടുണ്ട്. ചോളവയലുകളും ഗ്രാമവാസികൾ ഇടതിങ്ങിപ്പാർക്കുന്ന കൊച്ചു വീടുകളും, രാപകലില്ലാതെ അലയടിക്കുന്ന തമിഴ്പാട്ടുകളും....
ആ ഗ്രാമഭംഗി മുഴുവൻ ലിജോ ഒപ്പിയെടുത്തിരിക്കുന്നു. മമ്മൂട്ടി എന്ന അതുല്യനടന്റെ വിസ്മയിപ്പിക്കുന്ന പ്രകടനം വീണ്ടും കാണാൻ സാധിച്ചു. ജെയിംസിന്റെ നാടകവണ്ടി ഗ്രാമം വിട്ടുപോകുമ്പോൾ പിന്നാലെയോടുന്ന സുന്ദരത്തിന്റെ വളർത്തുനായയുടെ ചിത്രം ഇപ്പോഴും ഒരു നൊമ്പരമായി മനസ്സിൽ! ലിജോ ജോസ് പെല്ലിശ്ശേരിക്കും ടീമിനും മനസ്സു നിറഞ്ഞ സ്നേഹം.