വിഷ്ണു ഉണ്ണികൃഷ്ണനും ബിബിന്‍ ജോര്‍ജും ആദ്യമായി സംവിധാനം ചെയ്യുന്ന വെടിക്കെട്ടിന്റെ ട്രെയിലർ പുറത്തിറങ്ങി. ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നതും ഇവർ തന്നെയാണ്.
പ്രണായർദ്ര ഭാവത്തോടെയാണ് ബിബിന്റെ വരവെങ്കിൽ കട്ടകലിപ്പിലാണ് വിഷ്ണു എത്തുന്നത്. ഇടിയുടെ വെടിക്കെട്ടു തന്നെയാണ് ചിത്രത്തിന്റെ ട്രെയിലർ സൂചിപ്പിക്കുന്നത്. ഇതുവരെ അഭിനയിച്ചതിൽ വച്ച് വ്യത്യസ്ത വേഷവുമായാണ് വിഷ്ണുവും ബിബിനും ചിത്രത്തിലെത്തുന്നത്.
ബാദുഷാ സിനിമാസിന്റെയും ശ്രീ ഗോകുലം മൂവീസിന്റെയും ബാനറുകളിൽ ഗോകുലം ഗോപാലൻ, എൻ.എം. ബാദുഷ, ഷിനോയ് മാത്യൂ എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രം ഫെബ്രുവരി മൂന്നിന് തിയറ്ററുകളിലെത്തും.
വിഷ്ണു ഉണ്ണികൃഷ്ണനും ബിബിൻ ജോർജും ചേർന്നാണ് ചിത്രത്തിനായി തിരക്കഥ ഒരുക്കിയിരിക്കുന്നത്. പുതുമുഖ താരം ഐശ്യര്യ അനിൽകുമാറാണ് നായിക. ഇവർക്ക് പുറമെ ഇരുന്നൂറോളം പുതുമുഖ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
രതീഷ് റാം ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ ചിത്രസംയോജനം ജോൺകുട്ടിയാണ്. അൽഫോൺസ് ജോസഫിന്റേതാണ് പശ്ചാത്തല സംഗീതം.