വൈക്കം മുഹമ്മദ് ബഷീറിന്റെ 'ഭാർഗവീനിലയം' എന്ന വിഖ്യാത തിരക്കഥയെ അടിസ്ഥാനമാക്കി ആഷിഖ് അബു സംവിധാനം ചെയ്യുന്ന ‘നീലവെളിച്ചം’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു.
വൈക്കം മുഹമ്മദ് ബഷീറായി എത്തുന്ന ടൊവീനോ തോമസിന്റെ ലുക്കാണ് റിലീസ് ചെയ്തിരിക്കുന്നത്. ബഷീറിന്റെയും ടൊവിനോയുടെയും പിറന്നാളിനോടനുബന്ധിച്ചാണ് പോസ്റ്റർ റിലീസ് ചെയ്തത്.
ടൊവിനോ തോമസിനു പുറമെ റിമ കല്ലിങ്കൽ, റോഷൻ മാത്യു, ഷൈൻ ടോം ചാക്കോ, രാജഷ് മാധവൻ, ഉമ കെ.പി., പൂജാ മോഹൻരാജ്, ദേവകി ഭാഗി തുടങ്ങിയവരാണ് നീലവെളിച്ചത്തിലെ പ്രധാന താരങ്ങൾ. ഒപിഎം സിനിമാസിന്റെ ബാനറിൽ നിർമിക്കുന്ന ‘നീലവെളിച്ചം’ എന്ന ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ തലശേരിയിലെ പിണറായിയാണ്.
1964-ൽ വൈക്കം മുഹമ്മദ് ബഷീറിന്റെ തിരക്കഥയിൽ എ. വിൻസന്റ് സംവിധാനം ചെയ്ത ക്ലാസിക് സിനിമയായ ഭാർഗ്ഗവീനിലയത്തിന്റെ പുനരാവിഷ്കാരമാണ് നീലവെളിച്ചം. മധു, പ്രേംനസീർ, വിജയനിർമല, അടൂർ ഭാസി, കുതിരവട്ടം പപ്പു തുടങ്ങിയവരായിരുന്നു അഭിനയിച്ചത്.
ഗിരീഷ് ഗംഗാധരൻ ഛായാഗ്രഹണം നിർവഹിക്കുന്നു. ബിജിബാൽ, റെക്സ് വിജയൻ എന്നിവർ ചേർന്ന് സംഗീതം പകരുന്നു. എഡിറ്റിംഗ് സൈജു ശ്രീധരൻ.