ബെലന്ദൂർ തടാകത്തിലെ തീപിടുത്തം: മലിനീകരണ നിയന്ത്രണബോർഡ് നോട്ടീസയച്ചു

07:56 PM Feb 21, 2017 | Deepika.com
ബംഗളൂരു: നഗരത്തിലെ ബെലന്ദുർ തടാകത്തിൽ വ്യാഴാഴ്ചയുണ്ടായ തീപിടുത്തം സംബന്ധിച്ച് ബിബിഎംപി, ബിഡിഎ, ബിഡബ്ല്യുഎസ്എസ്ബി എന്നിവർക്ക് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് നോട്ടീസ് അയച്ചു. ഇവരുടെ വിശദീകരണം ലഭിച്ചശേഷം മലിനീകരണം തടയാൻ അടിയന്തര നടപടിയെടുക്കുമെന്ന് ബോർഡ് മേധാവി ലക്ഷ്മണ്‍ അറിയിച്ചു. നേരത്തെ, തീപിടുത്തവുമായി ബന്ധപ്പെട്ട് അന്വേഷണത്തിന് കേന്ദ്ര പരിസ്ഥിതിമന്ത്രി അനിൽ ആർ. ദവെ ഉത്തരവിട്ടിരുന്നു. അന്വേഷണ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ പരിസ്ഥിതി മന്ത്രാലയവും തുടർനടപടി സ്വീകരിക്കും.

വ്യാഴാഴ്ച വൈകുന്നേരമാണ് തടാകത്തിൽ തീപിടുത്തമുണ്ടായത്. തടാകക്കരയിലേക്കും തീ വ്യാപിച്ചു. തടാകത്തിൽ അടിഞ്ഞുകൂടിയ രാസമാലിന്യങ്ങളാണ് തീപിടുത്തത്തിനു കാരണമെന്നാണ് വിലയിരുത്തൽ. തീപിടുത്തത്തെ തുടർന്നുണ്ടായ വിഷപ്പുക സമീപപ്രദേശങ്ങളിലേക്കു വ്യാപിച്ചത് ജനങ്ങളെ ബുദ്ധിമുട്ടിലാക്കി. പലർക്കും ആരോഗ്യപ്രശ്നങ്ങളുണ്ടായി. സർജാപുർ റോഡിൽ വലിയ ഗതാഗതതടസവുമുണ്ടായി. സംഭവത്തെ തുടർന്ന് എൻ.എ. ഹാരിസ് എംഎൽഎയുടെ നേതൃത്വത്തിൽ നിയമസഭാ ഉപസമിതി അംഗങ്ങൾ പ്രദേശം സന്ദർശിച്ച് വിലയിരുത്തുകയും ചെയ്തു.

ബംഗളൂരുവിലെ തടാകങ്ങൾ കടുത്ത മലിനീകരണ ഭീഷണിയാണ് നേരിടുന്നത്. ബെല്ലന്ദുർ അടക്കമുള്ള തടാകങ്ങളിൽ രാസമാലിന്യങ്ങൾ അടിഞ്ഞുകൂടുന്നതു മൂലം വലിയ തോതിൽ പതഞ്ഞുപൊങ്ങുന്നത് പതിവായിരുന്നു. സമീപത്തെ വ്യവസായ ശാലകളിൽ നിന്നുള്ള രാസമാലിന്യങ്ങളും ഗാർഹിക മാലിന്യങ്ങളും തടാകങ്ങളിലേക്ക് ഒഴുക്കുന്നതാണ് ഇതിനു കാരണം.