ബൈക്കോടിക്കാന്‍ ലൈസന്‍സ് നേടിയ മഞ്ജു വാര്യർക്ക് അഭിനന്ദനക്കത്തുമായി കെ.പി. സുനന്ദ എന്ന യുവതി. മഞ്ജു വാര്യർ പ്രധാന വേഷത്തിലെത്തുന്ന വെള്ളരിപട്ടണം എന്ന ചിത്രത്തിന്റെ പ്രചരണത്തിന്റെ ഭാഗമായാണ് ഇത്തരത്തിലൊരു കത്ത്.
വ്യത്യസ്തമായ പ്രചരണങ്ങളാണ് ഇപ്പോൾ മിക്ക സിനിമകളും റിലീസിന് മുന്നോടിയായി ചെയ്യുന്നത്. അത്തരത്തിലൊരു വ്യത്യസ്ത കൊണ്ടു വരുന്നതാണ് ഈ അഭിനന്ദനകത്ത്. വെള്ളരിപട്ടണത്തിലെ നായിക കെ.പി. സുനന്ദയാണ് മഞ്ജു വാര്യർക്ക് കത്തയച്ചിരിക്കുന്നത്.
ചിത്രത്തിൽ മഞ്ജുവാണ് കെ.പി. സുനന്ദയായി എത്തുന്നത്. താന്‍ സ്കൂട്ടര്‍ പഠിക്കാന്‍ ഒരുപാട് കഷ്ടപ്പെട്ടുവെന്നും ധൈര്യമുള്ളതിനാല്‍ മഞ്ജുവിന് ഇതൊക്കെ നിസാരമായിരിക്കുമെന്നും ചക്കരക്കുടം പഞ്ചായത്ത് അഞ്ചാംവാര്‍ഡ് മെമ്പറായ സുനന്ദ കത്തില്‍ പറയുന്നു.
ഉടന്‍ തിയറ്ററുകളിലെത്തുന്ന വെള്ളരിപട്ടണത്തിന്റെ അണിയറപ്രവര്‍ത്തകര്‍ പുറത്തിറക്കിയ ഈ കത്ത് ഇതിനകം സമൂഹമാധ്യമങ്ങളിലൂടെ വൈറല്‍ ആയിക്കഴിഞ്ഞു
സുനന്ദയുടെ കത്ത് ഇങ്ങനെയാണ്
കെ.പി. സുനന്ദ
5-ാം വാർഡ് മെന്പർ
ചക്കരക്കുടം ഗ്രാമപഞ്ചായത്ത്
ചക്കരക്കുടം പി.ഒ
ചക്കരക്കുടം
To,
മഞ്ജു വാര്യർ
പുള്ള് വാര്യം
പുള്ള്
തൃശ്ശൂർ
എത്രയും പ്രിയപ്പെട്ട മഞ്ജു വാര്യർ,
ബൈക്കോടിക്കുവാനുള്ള ലൈസന്‍സ് എടുത്തെന്ന് അറിഞ്ഞതില്‍ വളരെ സന്തോഷം. അഭിനന്ദനങ്ങള്‍! ഹോ..ഞാനൊക്കെ ഒരു ലൈസന്‍സ് എടുക്കാന്‍ പെട്ട പാട് എനിക്കറിയാം. പിന്നെ എന്റെ ആശാന് കെ.പി. സുരേഷ് ആയിരുന്നല്ലോ.
അതിന്റെ പേരിലുള്ള കണക്ക് ഇപ്പോഴും തീര്‍ന്നിട്ടില്ല. (ഇന്നലെയും 500രൂപ മേടിച്ചോണ്ട് പോയി). മഞ്ജുവിന് പഠനവും ലൈസന്‍സ് എടുക്കലും ധൈര്യമുള്ളതുകൊണ്ട് ഈസി ആയിരുന്നു എന്നറിയാം. ഞാനിപ്പോഴും ആ പഴയസ്കൂട്ടറില്‍ പാല്‍പാത്രവും വച്ചുകെട്ടി ഇവിടൊക്കെ കറങ്ങി നടക്കുന്നുണ്ട്. പുതിയ ബിഎംഡബ്ല്യു ബൈക്ക് മേടിക്കുമ്പോള്‍ നമ്മുടെ പഞ്ചായത്ത് വഴി വരണേ.
ഇവിടെ ഹരിതകര്‍മസേനക്കാരും തൊഴിലുറപ്പ് ചേച്ചിമാരും സെല്‍ഫി എടുക്കാന്‍ കാത്തിരിക്കുകയാണ്. എന്റെ കഥ തിയറ്ററില്‍ വരുമ്പോള്‍ കാണാന്‍ മറക്കരുതേ. ചിരിവരും. ഉറപ്പ്. അയല്‍ക്കൂട്ടത്തിന്റെ ഒരു മീറ്റിംഗ് ഉണ്ട്. തത്കാലം നിര്‍ത്തുന്നു. ജയ്ഹിന്ദ്.
സ്നേഹത്തോടെ,
കെ.പി. സുനന്ദ
മഞ്ജു വാര്യർ ഇരുചക്രവാഹനം ഓടിക്കാനുള്ള ലൈസന്‍സ് സ്വന്തമാക്കിയത് മാധ്യമങ്ങളിലെല്ലാം വാര്‍ത്തയായിരുന്നു. അതിനൊപ്പമാണ് ഇപ്പോള്‍ കെ.പി. സുനന്ദയുടെ അഭിനന്ദനക്കത്തും എത്തിയിരിക്കുന്നത്.
മഞ്ജു വാര്യറും സൗബിനും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന വെള്ളരിപട്ടണം എന്ന ചിത്രം സംവിധാനം ചെയ്യുന്നത് മഹേഷ് വെട്ടിയാറാണ്. മാധ്യമപ്രവര്‍ത്തകനായ ശരത്കൃഷ്ണയും സംവിധായകനും ചേര്‍ന്നാണ് രചന.
കുടുംബപശ്ചാത്തലത്തിലുള്ള പൊളിറ്റിക്കല്‍ സറ്റയറാണ് സിനിമ. മഞ്ജു കെ.പി.സുനന്ദയെ അവതരിപ്പിക്കുമ്പോള്‍ സഹോദരനായ കെ.പി.സുരേഷ് ആയി സൗബിന് ഷാഹിര്‍ അഭിനയിക്കുന്നു.
സലിംകുമാര്‍, സുരേഷ്കൃഷ്ണ, കൃഷ്ണശങ്കര്, ശബരീഷ് വര്‍മ, അഭിരാമി ഭാര്ഗവന്, കോട്ടയം രമേശ്, മാല പാര്‍വതി, വീണ നായര്‍, പ്രമോദ് വെളിയനാട് തുടങ്ങിയവരാണ് മറ്റ് പ്രധാന അഭിനേതാക്കള്‍. അലക്സ് ജെ.പുളിക്കല്‍ ആണ് ഛായാഗ്രഹണം.