മലയാള സിനിമയിൽ നിരവധി സൂപ്പർ ഹിറ്റുകൾ സമ്മാനിച്ച സംവിധായകൻ ടി.എസ്. സുരേഷ് ബാബു വീണ്ടും സജീവമാകുന്നു. രണ്ടു ചിത്രങ്ങളുടെ അനൗൺസ്മെന്റോടെയാണ് സംവിധായകൻ തന്റെ തിരിച്ചു വരവ് അറിയിച്ചിരിക്കുന്നത്.
ഒരു കാലത്ത് മമ്മൂട്ടി, സുരേഷ് ഗോപി, ജയറാം, ബാബു ആന്റണി തുടങ്ങിയവരെ നായകൻമാരാക്കി മികച്ച സിനിമകൾ ഒരുക്കിയിരുന്ന ടി.എസ്. സുരേഷ് ബാബു കുറച്ചുനാളായി സംവിധാന മേഖലയിൽ നിന്നും വിട്ടു നിൽക്കുകയായിരുന്നു.
പുതിയ ചിത്രങ്ങളുടെ ടൈറ്റിൽ ലോഞ്ച് മമ്മൂട്ടിയാണ് നിർവഹിച്ചത്. ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിലാണ് ചിത്രങ്ങൾ നിർമിക്കുന്നത്. ഡിഎൻഎ, ഐപിഎസ് എന്നാണ് രണ്ടു ചിത്രങ്ങളുടെ പേര്.
ഡിഎൻഎ ആണ് ആദ്യം സംവിധാനം ചെയ്യാനൊരുങ്ങുന്ന ചിത്രം. കൊച്ചിയും ചെന്നൈയും പ്രധാന ലൊക്കേഷനാകുന്ന ഡിഎൻഎയുടെ ചിത്രീകരണം ജനുവരി 26 ന് ആരംഭിക്കും.
ഈഫ് റിവഞ്ച് ഈസ് ആൻ ആർട്, യുവർ കില്ലർ ഈസ് ആൻ ആർട്ടിസ്റ്റ് എന്ന ടാഗ് ലൈനോടെയാണ് ചിത്രത്തെ അവതരിപ്പിക്കുന്നത്. പൂർണമായും ഫൊറൻസിക് ബയോളജിക്കൽ ത്രില്ലറായി ഒരുക്കുന്ന ചിത്രത്തിൽ യുവതാരം അഷ്കർ സൗദാൻ നായകനായി അഭിനയിക്കുന്നു.
അജു വർഗീസ്, ജോണി ആന്റണി, ഇന്ദ്രൻസ്, നമിതാ പ്രമോദ്, ഹണി റോസ്, ഗൗരി നന്ദ, സെന്തിൽ രാജ്, പന്മരാജ് രതീഷ്, സുധീർ, ഇടവേള ബാബു, അമീർ നിയാസ്, പൊൻ വണ്ണൽ, ലഷ്മി മേനോൻ, അംബിക എന്നിവരും ചിത്രത്തിലുണ്ട്. നടൻ ബാബു ആന്റണിയും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്.
എ.കെ.സന്തോഷിന്റേതാണ് ചിത്രത്തിന്റെ തിരക്കഥ. ഛായാഗ്രഹണം രവിചന്ദ്രനും എഡിറ്റിംഗ് ഡോൺ മാക്സും നിർവഹിക്കുന്നു.
1984 ൽ മമ്മൂട്ടി, മോഹൻലാൽ, ശങ്കർ എന്നിവരെ നായകന്മാരാക്കി ഇതാ ഇന്നു മുതൽ എന്ന ചിത്രത്തിലൂടെയാണ് ടി.എസ്.സുരേഷ് ബാബു സംവിധായകനായി മലയാളത്തിൽ തുടക്കം കുറിക്കുന്നത്. കോട്ടയം കുഞ്ഞച്ചൻ എന്ന ചിത്രമാണ് സംവിധായക നിരയിലേക്ക് സുരേഷിനെ ശ്രദ്ധേയനാക്കിയ സിനിമ.
പിന്നീട് മമ്മൂട്ടിക്കൊപ്പം ശംഖുനാദം, കിഴക്കൻ പത്രോസ്, സ്റ്റാലിൻ ശിവദാസ്, ജയറാമിനെ നായകനാക്കി കൂടിക്കാഴ്ച, കസ്റ്റംസ് ഡയറി, സുരേഷ് ഗോപിക്കൊപ്പം മാർക് ആന്റണി, കന്യകുമാരി എക്സ്പ്രസ്, മുരളിയുടെ സൂപ്പർ ഹിറ്റ് ചിത്രം പ്രായിക്കര പാപ്പാൻ, ഇന്ത്യൻ മിലിറ്ററി ഇന്റലിജെൻസ്, ഉപ്പംകണ്ടം ബ്രദേഴ്സ്, പാളയം തുടങ്ങിയ 18 സിനിമകളാണ് ടി.എസ്. സുരേഷ് ബാബു സംവിധാനം ചെയ്തിട്ടുള്ളത്.