ബംഗളൂരു: ഹൊങ്ങസാന്ദ്ര തിരുക്കുടുംബ ദേവാലയത്തിൽ തിരുക്കുടുംബത്തിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാളിന് തുടക്കമായി. ഫെബ്രുവരി മൂന്നിന് വൈകുന്നേരം 6.30ന് വികാരി റവ.ഡോ. മാത്യു കോയിക്കര സിഎംഐ തിരുനാളിന് കൊടിയേറ്റി. തുടർന്ന് ആഘോഷമായ ദിവ്യബലി, നൊവേന എന്നിവയും നടന്നു. തിരുനാളിനോടനുബന്ധിച്ച് പത്തു ദിവസവും വൈകുന്നേരം 6.30ന് ദിവ്യബലിയും നൊവേനയും നടക്കും.
ഞായർ രാവിലെ 8.45ന് എറണാകുളം- അങ്കമാലി സഹായമെത്രാൻ മാർ ജോസ് പുത്തൻവീട്ടിൽ കുട്ടികൾക്ക് പ്രഥമദിവ്യകാരുണ്യ കൂദാശ നല്കും. പ്രധാന തിരുനാൾ ദിവസമായ 11ന് രാവിലെ ഏഴിന് വീടുകളിലേക്ക് അന്പ് എഴുന്നള്ളിക്കൽ ഉണ്ടായിരിക്കും. വൈകുന്നേരം ആഘോഷമായ തിരുനാൾ ദിവ്യബലിക്കും നൊവേനയ്ക്കും ഫാ. ജിപ്സൺ എടുപ്പുളവൻ , ഫാ. സെബി ചക്കാലയ്ക്കൽ എന്നിവർ കാർമികത്വം വഹിക്കും. തുടർന്ന് ആഘോഷമായ തിരുനാൾ പ്രദക്ഷിണം.
സമാപനദിനമായ 12ന് രാവിലെ 8.45ന് നവവൈദികർക്ക് സ്വീകരണം. ഒന്പതിന് ആഘോഷമായ തിരുനാൾ ദിവ്യബലിക്ക് ഫാ. ചാൾസ് മുണ്ടകത്ത് സിഎംഐ, ഫാ. ഷിബിൻ മുട്ടംതോട്ടിൽ സിഎംഐ, ഇടവക സഹവികാരി ഫാ. സെബാസ്റ്റ്യൻ മഞ്ഞളി സിഎംഐ എന്നിവർ കാർമികത്വം വഹിക്കും. തുടർന്ന് പ്രദക്ഷിണം, കലാവിരുന്ന്, സ്നേഹവിരുന്ന് എന്നിവയും ഉണ്ടായിരിക്കും. വൈകുന്നേരം അഞ്ചിന് നടക്കുന്ന പൊതുസമ്മേളനത്തിൽ ബൊമ്മനഹള്ളി എംഎൽഎ സതീഷ് റെഡ്ഡി, സെന്റ് ഫ്രാൻസിസ് സ്കൂൾ പ്രിൻസിപ്പൽ ബ്രദർ ക്ലീറ്റസ്, ഹൊങ്ങസാന്ദ്ര കോർപറേറ്റർ ഭാരതി രാമചന്ദ്രൻ എന്നിവർ മുഖ്യാതിഥികളായിരിക്കും. വൈകുന്നേരം 7.30ന് ഹോളി ഫാമിലി ഗായകസംഘം അവതരിപ്പിക്കുന്ന ഗാനമേള അരങ്ങേറും. 13ന് രാവിലെ 6.15ന് മരിച്ചവർക്കു വേണ്ടിയുള്ള ദിവ്യബലിയും ഒപ്പീസും ഉണ്ടായിരിക്കും.
ഹൊങ്ങസാന്ദ്ര ദേവാലയത്തിൽ തിരുനാളിന് തുടക്കമായി
08:26 PM Feb 09, 2017 | Deepika.com