+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സുപ്രീം കോടതി വിധി ബ്രെക്സിറ്റിന് എതിരായേക്കും

ലണ്ടൻ: ജനഹിത പരിശോധനയുടെ മാത്രം അടിസ്ഥാനത്തിൽ ബ്രെക്സിറ്റ് നടപ്പാക്കാൻ സാധിക്കില്ലെന്നായിരിക്കും സുപ്രീം കോടതി വിധിയെന്ന് നിയമ വിദഗ്ധരുടെ വിലയിരുത്തൽ. പാർലമെന്‍റിൽ വോട്ടിനിട്ട് എംപിമാരുടെ അംഗീകാരം
സുപ്രീം കോടതി വിധി ബ്രെക്സിറ്റിന് എതിരായേക്കും
ലണ്ടൻ: ജനഹിത പരിശോധനയുടെ മാത്രം അടിസ്ഥാനത്തിൽ ബ്രെക്സിറ്റ് നടപ്പാക്കാൻ സാധിക്കില്ലെന്നായിരിക്കും സുപ്രീം കോടതി വിധിയെന്ന് നിയമ വിദഗ്ധരുടെ വിലയിരുത്തൽ. പാർലമെന്‍റിൽ വോട്ടിനിട്ട് എംപിമാരുടെ അംഗീകാരം കൂടി നേടാതെ ഇത്ര സുപ്രധാനമായ തീരുമാനത്തിലെത്താൻ സാധിക്കില്ലെന്നായിരിക്കും കോടതി വിധിക്കുക.

ഇങ്ങനെയൊരു സാഹചര്യം സർക്കാരിനെ പ്രതിസന്ധിയിലാക്കുമെന്നുറപ്പാണ്. അങ്ങനെ വന്നാൽ എന്തു ചെയ്യണം എന്നതു സംബന്ധിച്ച് നാലു മാർഗങ്ങളാണ് നിയമോപദേശകർ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ്ക്കു മുന്നിൽ അവതരിപ്പിച്ചിരിക്കുന്നത്. വിധി എതിരായിരിക്കും എന്ന ധാരണയിൽ തന്നെയാണ് മന്ത്രിമാരും കരുക്കൾ നീക്കുന്നത്.
കോടതിവിധി മറികടക്കാനുള്ള നിയമ നിർമാണമാണ് സർക്കാരിനു മുന്നിലുള്ള മാർഗം. ഏതു തരത്തിലുള്ള നിയമ നിർമാണം വേണം എന്നതിനാണ് നാലു മാർഗങ്ങൾ നിർദേശിക്കപ്പെട്ടിരിക്കുന്നത്. ചൊവ്വാഴ്ചയാണ് സുപ്രീം കോടതിയുടെ നിർണായക വിധി വരാനിരിക്കുന്നത്.

ബ്രെക്സിറ്റ് നടപടിക്രമങ്ങൾക്കു തുടക്കം കുറിക്കാനുള്ള ആർട്ടിക്കിൾ 50 ട്രിഗർ ചെയ്യാൻ സർക്കാരിന് അധികാരം നൽകുന്ന ലളിതമായ നിയമനിർമാണമാണ് നിർദേശിക്കപ്പെട്ടിരിക്കുന്നവയിൽ ആദ്യത്തേത്. മറ്റു മൂന്നു കരട് ബില്ലുകളും കൂടുതൽ സങ്കീർണമാണെന്നും സൂചന.

നാല് കരടുകളാണ് തയാറാക്കിയിരിക്കുന്നതെങ്കിലും ഒന്നും അന്തിമമായി തീരുമാനിച്ചിട്ടില്ലെന്ന് സർക്കാർ വൃത്തങ്ങൾ. കരട് ബില്ലുകളുടെ കൂടുതൽ വിശദാംശങ്ങളും പുറത്തുവിട്ടിട്ടില്ല.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ