ജോജു ജോർജ് ഇരട്ട വേഷത്തിൽ എത്തുന്ന ഇരട്ട എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി. നടൻ ആദ്യമായി അഭിനയിക്കുന്ന ഇരട്ട വേഷം കൂടിയാണിത്. നായാട്ടിനു ശേഷം മാർട്ടിൻ പ്രക്കാട്ടും ജോജുവും ഒന്നിക്കുന്ന പ്രോജക്ട് കൂടിയാണിത്. പോസ്റ്ററിൽ രണ്ടു വ്യത്യസ്ത ലുക്കിലാണ് ജോജു എത്തുന്നത്.
ഇരട്ട സഹോദരങ്ങളായ രണ്ടു പൊലീസ് ഉദ്യോഗസ്ഥരുടെ കഥ പറയുന്ന ചിത്രത്തിന്റെ കഥ, തിരക്കഥ, സംവിധാനം എന്നിവ നിർവഹിക്കുന്നത് നവാഗതനായ രോഹിത് എം.ജി. കൃഷ്ണനാണ്.
അഞ്ജലി, സ്രിന്ധ, ആര്യാ സലിം, ശ്രീകാന്ത് മുരളി, സാബുമോൻ,അഭിരാം എന്നിവരാണ് ഇരട്ടയിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അപ്പു പാത്തു പ്രൊഡക്ഷൻ ഹൗസ്, മാർട്ടിൻ പ്രക്കാട്ട് ഫിലിംസ്, സിജോ വടക്കൻ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.
സമീർ താഹിർ, ഷൈജു ഖാലിദ്, ഗിരീഷ് ഗംഗാധരൻ എന്നിവരുടെ കൂടെ ഛായാഗ്രഹണ മേഖലയിൽ പ്രവർത്തിച്ച വിജയ് ആണ് ഇരട്ടയുടെ ഛായഗ്രഹണം നിർവഹിക്കുന്നത്. സംഗീത സംവിധാനം. ജേക്സ് ബിജോയ്.