21 താലൂക്കുകൾ കൂടി വരൾച്ചാബാധിതം

08:50 PM Jan 20, 2017 | Deepika.com
ബംഗളൂരു: സംസ്ഥാനത്തെ 21 താലൂക്കുകൾ കൂടി വരൾച്ചാബാധിതമായി പ്രഖ്യാപിക്കും. കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭാ ഉപസമിതി യോഗത്തിലാണ് ഇതു സംബന്ധിച്ച് തീരുമാനമായത്. ഇതോടെ സംസ്ഥാനത്ത് വരൾച്ചാബാധിതമായി പ്രഖ്യാപിക്കുന്ന താലൂക്കുകളുടെ എണ്ണം 160 ആയി. നേരത്തെ 139 താലൂക്കുകളെ പ്രഖ്യാപിച്ചിരുന്നു. അടുത്ത ദിവസം നടക്കുന്ന മന്ത്രിസഭാ യോഗത്തിനു ശേഷം 21 താലൂക്കുകളുടെ പേരുകൾ പ്രഖ്യാപിക്കും.

സംസ്ഥാനത്തെ ഭൂരിഭാഗം മേഖലകളിലും കടുത്ത വരൾച്ചയാണ് നേരിടുന്നത്. ഇവിടങ്ങളിൽ കുടിവെള്ളപ്രശ്നവും രൂക്ഷമാണ്. ടാങ്കറുകളിൽ എത്തിക്കുന്ന കുടിവെള്ളമാണ് ഇവരുടെ ആശ്രയം. സംസ്ഥാനത്തെ വരൾച്ചാ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി സർക്കാർ 4,702 കോടിരൂപയുടെ കേന്ദ്രസഹായം ആവശ്യപ്പെട്ടിരുന്നു. 1,782 കോടി രൂപ കേന്ദ്രം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. എന്നാൽ, ഈ തുക ഇതുവരെ ലഭിച്ചിട്ടില്ല.