+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബ്രിട്ടൻ ഒറ്റപ്പെടും: യൂറോപ്യൻ മാധ്യമങ്ങൾ

ബ്രസൽസ്: ബ്രെക്സിറ്റ് സംബന്ധിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ നടത്തിയ പ്രസംഗത്തിന് യൂറോപ്യൻ മാധ്യമങ്ങളുടെ രൂക്ഷ വിമർശനം. യൂറോപ്പിൽ ബ്രിട്ടനെ ഒറ്റപ്പെടുത്താൻ പോന്നതാണ് തെരേസയുടെ ബ്രെക്സിറ്റ് ന
ബ്രിട്ടൻ ഒറ്റപ്പെടും: യൂറോപ്യൻ മാധ്യമങ്ങൾ
ബ്രസൽസ്: ബ്രെക്സിറ്റ് സംബന്ധിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ നടത്തിയ പ്രസംഗത്തിന് യൂറോപ്യൻ മാധ്യമങ്ങളുടെ രൂക്ഷ വിമർശനം. യൂറോപ്പിൽ ബ്രിട്ടനെ ഒറ്റപ്പെടുത്താൻ പോന്നതാണ് തെരേസയുടെ ബ്രെക്സിറ്റ് നിലപാടെന്നാണ് പൊതു വിലയിരുത്തൽ.

യൂറോപ്യൻ യൂണിയനിൽനിന്നു പുറത്തുപോകുന്പോൾ ഏകീകൃത വിപണിയിൽനിന്നു കൂടിയായിരിക്കും ബ്രിട്ടൻ പിൻമാറുക എന്ന സുപ്രധാന പ്രഖ്യാപനം തന്‍റെ വിശദീകരണ പ്രസംഗത്തിൽ തെരേസ നടത്തിയിരുന്നു. ഏകീകൃത വിപണിയിൽ ബ്രിട്ടൻ തുടരണമെന്ന് ബ്രെക്സിറ്റ് അനുകൂലികൾ പോലും വാദിക്കുന്ന സമയത്താണ്, ബ്രെക്സിറ്റിനെ എതിർത്തിരുന്ന തെരേസ ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.
ഇത്തരം ആനുകൂല്യങ്ങൾ ബ്രിട്ടനു നൽകാൻ സാധിക്കില്ലെന്നു ജർമനിയും ഫ്രാൻസും അടക്കമുള്ള യൂറോപ്പിലെ വന്പൻമാർ നേരത്തെ പ്രഖ്യാപിച്ചിരുന്നെങ്കിലും അടുത്ത കാലത്തായി നിലപാടിൽ അയവു വരുത്തിയിരുന്നു. ബ്രെക്സിറ്റ് ചർച്ചകളിൽ ഇതിനുള്ള സാധ്യതകൾ ആരാഞ്ഞു തുടങ്ങുന്പോഴേക്കും പക്ഷേ അതെല്ലാം ഒറ്റയടിക്ക് കൊട്ടിയടയ്ക്കുന്ന സമീപനമാണ് തെരേസയുടെ ഭാഗത്തുനിന്നുണ്ടായതെന്നും വിമർശനം ഉയരുന്നു.

ബ്രിട്ടൻ സ്വന്തമായി സ്വതന്ത്ര വ്യാപാര കരാറുകൾ രൂപീകരിക്കുമെന്നാണ് തെരേസ പറഞ്ഞത്. ഇതിനൊപ്പം, യൂറോപ്പിൽനിന്നുള്ള കുടിയേറ്റത്തിന് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്നും പ്രഖ്യാപിച്ചിരുന്നു. ഇത് കടുത്ത നിരാശയുണ്ടാക്കുന്നതാണെന്ന് മിക്ക യൂറോപ്യൻ മാധ്യമങ്ങളും എഴുതിയത്.

ബ്രെക്സിറ്റ് യാഥാർഥ്യമാവുന്നതോടെ ജീവനക്കാർക്ക് വിവിധ രാജ്യങ്ങളിലേക്കു സ്ഥലം മാറ്റം നൽകാൻ നിർബന്ധിതമാകുമെന്ന് എച്ച്എസ്ബിസിയും സ്വിസ് ബാങ്കായ യുബിഎസും അറിയിച്ചു. ആയിരക്കണക്കിനാളുകളാണ് ഇത്തരത്തിൽ സ്ഥലം മാറ്റപ്പെടുക.
അതേസമയം, ബ്രെക്സിറ്റിന്‍റെ കാര്യത്തിൽ തെരേസ മേ വ്യക്തത വരുത്തിയത് സ്വീകാര്യമാണെന്നായിരുന്നു ജർമൻ ചാൻസലർ ആംഗല മെർക്കലിന്‍റെ പ്രതികരണം. യൂറോപ്പിന്‍റെ ഐക്യം ഉറപ്പാക്കാൻ ആവശ്യമായതെല്ലാം ചെയ്യുമെന്നും മെർക്കൽ കൂട്ടിച്ചേർത്തു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ