കർണാടക ആർടിസി ബസുകളിൽ വൈഫൈ

04:59 PM Jan 16, 2017 | Deepika.com
ബംഗളൂരു: കർണാടക ആർടിസി ബസുകൾ കൂടുതൽ സ്മാർട്ട് ആകുന്നു. യാത്രക്കാർക്കായി ബസുകളിൽ വൈഫൈ സൗകര്യം ഏർപ്പെടുത്താൻ കർണാടക ആർടിസി തീരുമാനിച്ചു. മേയ് മാസത്തോടെ എല്ലാ ബസുകളിലും വൈഫൈ എത്തിക്കാനാണ് നീക്കം. കൂടുതൽ യാത്രക്കാരെ കർണാടക ആർടിസിയിലേക്ക് ആകർഷിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ തീരുമാനം. ബസുകൾക്കു പുറമേ എല്ലാ ബസ് സ്റ്റേഷനുകളിലും വൈഫൈ സൗകര്യം ഒരുക്കും. മാർച്ചോടെ ഈ നടപടി പൂർത്തിയാകും.

കർണാടക ആർടിസിയുടെ 17458 ബസുകളിലും വൈഫൈ സൗകര്യം നിലവിൽവരും. ഇതിനായുള്ള ടെൻഡർ സർക്കാർ ക്ഷണിച്ചിട്ടുണ്ട്. നിലവിൽ സംസ്‌ഥാനത്തെ 24 ബസ് സ്റ്റേഷനുകളിൽ വൈഫൈ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. യാത്രക്കാരുടെ ഭാഗത്തു നിന്നു മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് ആർടിസി അധികൃതർ അറിയിച്ചു. നിലവിൽ 35 ലക്ഷത്തോളം യാത്രക്കാരാണ് വൈഫൈ സൗകര്യം പ്രയോജനപ്പെടുത്തുന്നത്.