മെഡിക്കൽ ക്യാംപസ് ഇതിവൃത്തമാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ഹണ്ട് എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു. പാലാക്കാടാണ് ചിത്രീകരണം ആരംഭിച്ചിരിക്കുന്നത്. ജയലഷ്മി ഫിലിംസിന്റെ ബാനറിൽ കെ.രാധാകൃഷ്ണനാണ് ചിത്രം നിർമിക്കുന്നത്. ഭാവനയാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
സസ്പെൻസ്, ഹൊറർ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കുന്നത്. ഡോ. കീർത്തി എന്ന കഥാപാത്രത്തെയാണ് ഭാവന ചിത്രത്തിൽ അവതരിപ്പിക്കുന്നത്. കീർത്തിയുടെ മുന്നിലെത്തുന്ന ഒരു കേസിന്റെ ചുരുളുകൾ നിവർത്തുന്നതിലൂടെയാണ് ഈ ചിത്രത്തിന്റെ കഥാവികസനം. അതിഥി രവിയാണ് മറ്റൊരു പ്രധാന താരം.
അജ്മൽ അമീർ, രാഹുൽ മാധവ്, അനു മോഹൻ, രഞ്ജി പണിക്കർ, ചന്തു നാഥ്, ജി. സുരേഷ് കുമാർ, നന്ദു ലാൽ, ഡെയ്ൻ ഡേവിഡ്, വിജയകുമാർ, ബിജു പപ്പൻ, കോട്ടയം നസീർ, ദിവ്യാ നായർ, സോനു എന്നിവരും പ്രധാന താരങ്ങളാണ്.
രചന - നിഖിൽ. ജാക്സൺ ജോൺസൺ ഛായാഗ്രഹണവും അജാസ് മുഹമ്മദ് എഡിറ്റിംഗും നിർവഹിക്കുന്നു. എസ്. ആനന്ദ്, ഹരി നാരായണൻ, സന്തോഷ് വർമ്മ എന്നിവരുടെ വരികൾക്ക് കൈലാസ് മേനോൻ ഈണം പകർന്നിരിക്കുന്നു.