മമ്മൂട്ടിയെ നായകനാക്കി ബി.ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ക്രിസ്റ്റഫറിലെ വില്ലൻ കഥാപാത്രത്തിന്റെ ഗെറ്റപ്പ് പുറത്ത്. തെന്നിന്ത്യൻ താരം വിനയ് റായ് ആണ് മമ്മൂട്ടിയുടെ വില്ലനായി എത്തുന്നത്. വിനയ് അവതരിപ്പിക്കുന്ന സീതാറാം ത്രിമൂർത്തി എന്ന വില്ലൻ കഥാപാത്രത്തിന്റെ പോസ്റ്ററാണ് പുറത്തുവന്നിരിക്കുന്നത്.
വിനയ് റായ് ആദ്യമായി മലയാളത്തിൽ അഭിനയിക്കുന്ന ചിത്രമാണ് ക്രിസ്റ്റഫർ. ബയോഗ്രഫി ഓഫ് എ വിജിലന്റ് കോപ്പ് എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈൻ. ആർഡി ഇല്യൂമിനേഷന്‍സ് എൽ.എൽ.പി ആണ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് ഉദയകൃഷ്ണയാണ്.
അമല പോൾ, സ്നേഹ, ഐശ്വര്യ ലക്ഷ്മി എന്നിവരാണ് ചിത്രത്തിലെ നായികമാർ. ദിലീഷ് പോത്തൻ, സിദ്ദിഖ്, ജിനു എബ്രഹാം, വിനീത കോശി, വാസന്തി തുടങ്ങിയവരോടൊപ്പം മുപ്പത്തിയഞ്ചോളം പുതുമുഖങ്ങളും ചിത്രത്തില്‍ വേഷമിടുന്നു.
പൊലീസ് ഉദ്യോഗസ്ഥനായാണ് മമ്മൂട്ടി ചിത്രത്തില്‍ എത്തുന്നത്. ഓപ്പറേഷൻ ജാവ ഒരുക്കിയ ഫൈസ് സിദ്ദിഖ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്.