+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അഭയാർഥികളെ കാൽവച്ചു വീഴ്ത്തിയ മാധ്യമപ്രവർത്തകയ്ക്ക് നല്ലനടപ്പ്

സൂറിച്ച്: അഭയാർഥികളെ കാൽവച്ചു വീഴ്ത്തിയ ഹംഗേറിയൻ മാധ്യമപ്രവർത്തകയെ കോടതി ശിക്ഷിച്ചു. സ്വകാര്യ ചാനലിലെ ജീവനക്കാരിയായ പേട്ര ലാസ്ലോ (41) യെയാണ് കോടതി ശിക്ഷിച്ചത്. ഹംഗേറിയൻ നഗരമായ സെഗെഡിലെ കോടതി മൂന്നു വർ
അഭയാർഥികളെ കാൽവച്ചു വീഴ്ത്തിയ മാധ്യമപ്രവർത്തകയ്ക്ക് നല്ലനടപ്പ്
സൂറിച്ച്: അഭയാർഥികളെ കാൽവച്ചു വീഴ്ത്തിയ ഹംഗേറിയൻ മാധ്യമപ്രവർത്തകയെ കോടതി ശിക്ഷിച്ചു. സ്വകാര്യ ചാനലിലെ ജീവനക്കാരിയായ പേട്ര ലാസ്ലോ (41) യെയാണ് കോടതി ശിക്ഷിച്ചത്. ഹംഗേറിയൻ നഗരമായ സെഗെഡിലെ കോടതി മൂന്നു വർഷം നല്ലനടപ്പാണ് വിധിച്ചത്. ശിക്ഷാ കാലയളവിൽ പേട്രയിൽനിന്നും കുറ്റകരമായ പ്രവർത്തികൾ ഉണ്ടാകാൻപാടില്ലെന്ന് കോടതി ഉത്തരവിട്ടു. അഭയാർഥികൾ കൂട്ടത്തോടെ കുതിച്ചുവന്നപ്പോൾ പേടികൊണ്ട് സ്വയരക്ഷക്ക് ചെയ്തതാണെന്ന് പേട്ര കോടതിയിൽ വാദിച്ചത് വിശ്വാസയോഗ്യമല്ലെന്ന് കോടതി വ്യക്തമാക്കി. സംഭവത്തിൽ ക്ഷമ പറഞ്ഞത് അംഗീകരിച്ച കോടതി നല്ല നടപ്പ് വിധിക്കുകയായിരുന്നു. ബുഡാപെസ്റ്റ്് ഇന്റർനെറ്റ് പോർട്ടലായ ഇൻഡക്സ് ഡോട്ട് ഹു ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

2015 നായിരുന്നു കേസിനാസ്പദമായ സംഭവം. ഹംഗറിയുടെ അതിർത്തിയായ റോയ്സ്കെയിൽ ആഴ്ചകളായി തമ്പടിച്ച അഭയാർഥികളെ, അതിർത്തി തുറന്ന് ഓസ്ട്രിയയിലേക്ക് പോകാൻ ഹംഗേറിയൻ പോലീസ് അനുവദിച്ചപ്പോഴായിരുന്നു വിവാദമായ സംഭവം അരങ്ങേറിയത്. അതിർത്തി തുറന്നപ്പോൾ ഓടിക്കയറിയ അഭയാർഥികളെ, ഹൃദയഭേദകമായ രംഗം ചിത്രീകരിക്കാൻവേണ്ടി പേട്ര ലാസ്ലോ കാൽവച്ച് വീഴ്ത്തുകയായിരുന്നു. തോളിൽ ഒരു കുട്ടിയുമായി നീങ്ങുന്ന പിതാവിനെയും പിതാവിനൊപ്പം നീങ്ങുന്ന മറ്റൊരു കുട്ടിയേയുമാണ് ഒരു കൈയിൽ കാമറയും പിടിച്ച് കാലുകൊണ്ട് പേട്ര വീഴ്ത്തിയത്. ഈ സംഭവം അവിടെയുണ്ടായിരുന്ന മറ്റ് മാധ്യമപ്രവർത്തകർ പകർത്തുകയും പുറംലോകത്തെത്തിക്കുകയും ചെയ്തു. സംഭവം വിവാദമായതിനെ തുടർന്ന് ലാസ്ലോ ജോലി ചെയ്തിരുന്ന ഹങ്കറിയിലെ തീവ്ര വലതുപക്ഷ പാർട്ടിയായ ജോബിക്കിന്റെ നിയന്ത്രണത്തിലുള്ള എൻ വൺ ടിവി അവരെ പിരിച്ചുവിട്ടിരുന്നു.

റിപ്പോർട്ട്: ടിജി മറ്റം