+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കാൻസർ സാധ്യത: റിപ്പോർട്ടിനെതിരേ ന്യൂട്ടെല്ല പ്രചാരണം തുടങ്ങി

ലണ്ടൻ: ലോക പ്രശസ്തമായ ന്യൂട്ടെല്ല സ്പ്രെഡ് കുട്ടികളിൽ കാൻസറിനു കാരണമാകുമെന്ന റിപ്പോർട്ട് കമ്പനി നിഷേധിച്ചു. ഇതിൽ അടങ്ങിയിരിക്കുന്ന പാമോയിൽ അപകടകാരിയാണെന്നാണ് യൂറോപ്യൻ ഫുഡ് സ്റ്റാൻഡേർഡ്സ് അഥോറിറ്റി ചൂണ
കാൻസർ സാധ്യത: റിപ്പോർട്ടിനെതിരേ ന്യൂട്ടെല്ല പ്രചാരണം തുടങ്ങി
ലണ്ടൻ: ലോക പ്രശസ്തമായ ന്യൂട്ടെല്ല സ്പ്രെഡ് കുട്ടികളിൽ കാൻസറിനു കാരണമാകുമെന്ന റിപ്പോർട്ട് കമ്പനി നിഷേധിച്ചു. ഇതിൽ അടങ്ങിയിരിക്കുന്ന പാമോയിൽ അപകടകാരിയാണെന്നാണ് യൂറോപ്യൻ ഫുഡ് സ്റ്റാൻഡേർഡ്സ് അഥോറിറ്റി ചൂണ്ടിക്കാട്ടിയിരുന്നത്. ഭക്ഷണ മേശയിൽ പ്രായഭേദമെന്യേ ഏവരും പങ്കിട്ടുകഴിക്കുന്ന ന്യൂട്ടെല്ല നിർമിക്കുന്നത് ഇറ്റാലിയൻ കമ്പനിയായ ഫെറേറോയാണ്. 1940 ലാണ് ഫെറോറോ ആദ്യമായി ന്യൂട്ടെല്ല ഉദ്പദിപ്പിച്ചു തുടങ്ങിയതെങ്കിലും പാചകവിധിയിൽ പലവിധ മാറ്റങ്ങൾ വരുത്തി 1964 ലാണ് ഇപ്പോഴത്തെ രൂപത്തിൽ വില്പന തുടങ്ങിയത്. പഞ്ചസാര, സസ്യ എണ്ണ, വറുത്ത ഹാസൽ നട്സ്, കൊക്കോ, പാൽപൊടി, സോയ ലെസിതിൻ, വാനില തുടങ്ങിയവയാണ് അടിസ്‌ഥാനപരമായി ന്യൂട്ടെല്ലയിൽ അടങ്ങിയ പദാർഥങ്ങൾ. ഇവയിൽ മറ്റുപലതും കൂടിച്ചേർത്താണ് വില്പനയ്ക്കായി തയാറാക്കുന്നത്.

ഇതെക്കുറിച്ച് കൃത്യമായ കണക്കുകൾ ലഭ്യമല്ലാത്തതിനാൽ, ഏത് അളവു വരെ കഴിച്ചാൽ സുരക്ഷിതമാണെന്നു പറയാൻ സാധിക്കില്ലെന്നും റിപ്പോർട്ടിൽ മുന്നറിയിപ്പു നൽകിയിരുന്നു.

കാഡ്ബറീസ് ചോക്കളേറ്റ്, ക്ലോവർ, ബെൻ ആൻഡ് ജെറീസ് തുടങ്ങിയവയിലും പാമോയിൽ അടങ്ങിയിട്ടുണ്ട്. എന്നാൽ, ന്യൂട്ടെല്ലയ്ക്കാണ് ഏറ്റവും വലിയ തിരിച്ചടി വിപണിയിൽ നേരിട്ടത്. ഈ സാഹചര്യത്തിലാണ് റിപ്പോർട്ടിനെതിരായ പ്രചാരണത്തിനു കമ്പനി തയാറെടുക്കുന്നത്.

റിപ്പോർട്ട് പുറത്തുവന്നതോടെ ന്യൂട്ടെല്ല വില്പനയിൽ മൂന്നു ശതമാനം കുറവ് രേഖപ്പെടുത്തിക്കഴിഞ്ഞു. എന്നാൽ, ഉത്പന്നത്തിൽനിന്ന് പമോയിൽ ഒഴിവാക്കാൻ ഉദ്ദേശിക്കുന്നില്ലെന്നാണ് ന്യൂട്ടെല്ല നിർമാതാക്കളായ ഫെരേരോ പറയുന്നത്. പാമോയിൽ ഒഴിവാക്കിയാൽ വില കുറയ്ക്കാൻ സാധിക്കും. എന്നാൽ, വിലയല്ല നിലവാരമാണ് മുഖ്യം എന്നുമാണ് കമ്പനിയുടെ നിലപാട്.

സ്പ്രെഡിന് മാർദവം നൽകാനാണ് പാമോയിൽ ഉപയോഗിക്കുന്നത്. മറ്റേത് എണ്ണ ഉപയോഗിച്ചാലും ഇത്ര മാർദവം കിട്ടില്ലെന്നാണ് കമ്പനിയുടെ വിലയിരുത്തൽ. പാമോയിൽ ഉപയോഗിക്കാതെ നിർമിക്കുന്ന ന്യൂട്ടെല്ല നിലവാരം കുറഞ്ഞതായിരിക്കുമെന്നും അവർ പറയുന്നു.

അതേസമയം, സൂര്യകാന്തി റേപ്സീഡ് തുടങ്ങിയവയുടെ എണ്ണ ഉപയോഗിച്ച് നിർമിച്ചാൽ നിർമാണച്ചെലവ് കൂടുമെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. എന്നാൽ, ഈ റിപ്പോർട്ടിനോട് കമ്പനി പ്രതികരിച്ചിട്ടില്ല.

1965 ലാണ് ന്യൂട്ടെല്ല ജർമനിയിൽ സ്‌ഥാനം പിടിച്ചത്. നിലവിൽ രാജ്യങ്ങളെ കേന്ദ്രീകരിച്ചുള്ള നിർമാണമാണ് കമ്പനി നടത്തുന്നത്. അതുകൊണ്ടുതന്നെ രുചിഭേദവും വ്യത്യാസമാണ്. ആഗോളതലത്തിൽ 160 രാജ്യങ്ങളിൽ ജനപ്രിയമായ ന്യൂട്ടെല്ല പ്രതിവർഷം 2,50,000 ടൺ വിറ്റഴിക്കുന്നുണ്ട്. 33,000 ജീവനക്കാരുള്ള കമ്പനിയുടെ വിറ്റുവരവ് 9.5 മില്ല്യാർഡ് യൂറോയാണ്. ഇന്ത്യയിൽ ബാരമതിയിലാണ് ന്യൂട്ടെല്ല നിർമിക്കുന്നത്.

റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ