+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

യുക്മ തെരഞ്ഞെടുപ്പ്: ഒരുക്കങ്ങൾ അവസാന ഘട്ടത്തിലേക്ക്

ലണ്ടൻ: ബർമിംഗ്ഹാമിൽ നടക്കുന്ന യുക്മ ദേശീയ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ അവസാന ഘട്ടത്തിലേക്ക് കടന്നു. ദേശീയ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രധാനപ്പെട്ട ആറ് റീജണുകളും തങ്ങളുടെ തെരഞ്ഞെടുപ്പ് തീയതികളും തെരഞ്ഞെട
യുക്മ തെരഞ്ഞെടുപ്പ്: ഒരുക്കങ്ങൾ അവസാന ഘട്ടത്തിലേക്ക്
ലണ്ടൻ: ബർമിംഗ്ഹാമിൽ നടക്കുന്ന യുക്മ ദേശീയ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ അവസാന ഘട്ടത്തിലേക്ക് കടന്നു. ദേശീയ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രധാനപ്പെട്ട ആറ് റീജണുകളും തങ്ങളുടെ തെരഞ്ഞെടുപ്പ് തീയതികളും തെരഞ്ഞെടുപ്പ് പൊതുയോഗം നടക്കുന്ന സ്‌ഥലങ്ങളും പ്രഖ്യാപിച്ചു കഴിഞ്ഞു.

ഇതനുസരിച്ചു ജനുവരി 21 ന് (ശനി) നാല് റീജണുകളിലെ തെരഞ്ഞെടുപ്പുകൾ നടക്കും. ഈസ്റ്റ് ആംഗ്ലിയ റീജൺ തെരഞ്ഞെടുപ്പ് കേംബ്രിഡ്ജിലും നോർത്ത് വെസ്റ്റ് റീജൺ തെരഞ്ഞെടുപ്പ് മാഞ്ചസ്റ്ററിലും സൗത്ത് ഈസ്റ്റ് റീജൺ തെരഞ്ഞെടുപ്പ് വോക്കിംഗിലും ഈസ്റ്റ് ആൻഡ് വെസ്റ്റ് മിഡ്ലാൻഡ്സ് റീജൺ തെരഞ്ഞെടുപ്പ് ബർമിംഗ്ഹാമിലും നടക്കും.

22ന് (ഞായർ) ഓക്സ്ഫോഡിൽ സൗത്ത് വെസ്റ്റ് റീജൺ തെരഞ്ഞെടുപ്പും ലീഡ്സിൽ യോർക്ക് ഷെയർ ആൻഡ് ഹംബർ റീജൺ തെരഞ്ഞെടുപ്പും നടക്കും. വെയ്ൽസ്, നോർത്ത് ഈസ്റ്റ്, നോർത്തേൺ അയർലൻഡ് റീജണുകളുടെ തെരഞ്ഞെടുപ്പ് പിന്നീട് പ്രഖ്യാപിക്കും.

മുൻ വർഷങ്ങളിൽനിന്നും വ്യത്യസ്തമായി, റീജണൽ തെരഞ്ഞെടുപ്പുകൾക്ക് മുൻപുതന്നെ തിരുത്തലുകൾക്കുശേഷമുള്ള അവസാന വോട്ടേഴ്സ് ലിസ്റ്റ് പ്രസിദ്ധീകരിക്കും എന്ന സവിശേഷത ‘യുക്മ ഇലക്ഷൻ 2017’ന് അവകാശപ്പെടാനുണ്ട്. അവസാന നിമിഷങ്ങളിലെ ലിസ്റ്റ് തിരുത്തലുകൾക്ക് യാതൊരുവിധ പഴുതുകളും അവശേഷിപ്പിക്കാതെ, തികച്ചും സുതാര്യമായ തെരഞ്ഞെടുപ്പിന് അവസരം ഒരുക്കാൻ വേണ്ടിയാണ് ഇത്തരമൊരു പരിഷ്കാരം നടപ്പിലാക്കുന്നത്.

തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു കഴിഞ്ഞ ആറ് റീജണുകളിൽ നോർത്ത് വെസ്റ്റ് ഒഴികെ മറ്റെല്ലായിടത്തും റീജണൽ പ്രസിഡന്റുമാരും സെക്രട്ടറിമാരും വഴിയാണ് അംഗ അസോസിയേഷനുകളിൽ നിന്നുള്ള യുക്മ പ്രതിനിധികളുടെ ലിസ്റ്റ് തയാറാക്കുന്നത്. നോർത്ത് വെസ്റ്റ് റീജണിലെ പ്രതിനിധി ലിസ്റ്റ് ദേശീയ ജനറൽ സെക്രട്ടറി അസോസിയേഷനുകളുമായി നേരിട്ട് ബന്ധപ്പെട്ടാണ് തയാറാക്കുന്നത്.

2017 ലെ റീജണൽ നാഷണൽ തെരഞ്ഞെടുപ്പുകൾക്കുള്ള യുക്മ പ്രതിനിധികളുടെ കരട് വോട്ടേഴ്സ് ലിസ്റ്റ് ജനുവരി 12നോ, 13നോ യുക്മ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുന്നതാണ്. തിരുത്തലുകൾക്കുശേഷമുള്ള അവസാന ലിസ്റ്റ് ജനുവരി 16ന് പ്രസിദ്ധീകരിക്കും. കരട് വോട്ടേഴ്സ് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതിന് മുൻപ്, വ്യക്‌തമായ എന്തെങ്കിലും കാരണങ്ങൾകൊണ്ട് പ്രതിനിധി ലിസ്റ്റ് സമർപ്പിക്കുവാൻ സാധിക്കാതെവന്ന അസോസിയേഷനുകൾക്ക്, ജനുവരി 15ന് മുൻപായി പേരുകൾ ചേർക്കാൻ അവസരം ഉണ്ടായിരിക്കും. യുകെ മലയാളികൾക്കിടയിലെ ഏറ്റവും വലിയ ഈ ജനാധിപത്യ പ്രക്രിയയിൽ ഭാഗഭാക്കാകാനുള്ള അവസരം ഒരു യുക്മ അംഗ അസോസിയേഷനുപോലും നഷ്‌ടടപ്പെടാതിരിക്കാനാണ് ഇത്തരമൊരു ക്രമീകരണം ഒരുക്കിയിരിക്കുന്നത്.

എല്ലാ റീജണുകളിലും നിന്നുള്ള ഭൂരിപക്ഷം അംഗ അസോസിയേഷനുകളുടെയും പ്രതിനിധി ലിസ്റ്റ് ഇതിനകം കിട്ടിക്കഴിഞ്ഞു. യുക്മയുടെ ഔദ്യോഗിക ദേശീയ വെബ്സൈറ്റായ www.uukma.org ൽ, മേൽപ്പറഞ്ഞ തീയതികളിൽ പ്രസിദ്ധീകരിക്കുന്ന വോട്ടേഴ്സ് ലിസ്റ്റ് പരിശോധിച്ചു കൃത്യത ഉറപ്പുവരുത്തണമെന്ന് എല്ലാ യുക്മ പ്രതിനിധികളോടും അംഗ അസോസിയേഷൻ ഭാരവാഹികളോടും റീജണൽ നാഷണൽ പ്രവർത്തകരോടും യുക്മ ദേശീയ നിർവാഹക സമിതി അഭ്യർഥിച്ചു.

റിപ്പോർട്ട്: സജീഷ് ടോം