ആരാധകർ ഏറ്റവും ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മോഹന്‍ലാല്‍-ലിജോ ജോസ് പെല്ലിശ്ശേരി ടീമിന്റെ പുതിയ പ്രോജക്ട്. ചിത്രത്തിൽ മോഹൻലാലിന്റെ കഥാപാത്രം എങ്ങനെയായിരിക്കും, താരത്തിന്റെ ലുക്ക്, ചിത്രത്തിന്റെ പേര് തുടങ്ങിയ കാര്യങ്ങളെ ഏറ്റവും ആകാംഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്.
ഇപ്പോൾ മോഹൻലാലിന്റെ ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം പേജുകളിൽ വന്ന പോസ്റ്റുകളാണ് കൗതുകമുണർത്തിയിരിക്കുന്നത്. ഓരോ ഭാഗങ്ങളായി വിവിധ സമയങ്ങളിൽ പങ്കുവച്ച ചിത്രങ്ങൾ കൂട്ടിയോജിപ്പിക്കാനുള്ള ശ്രമത്തിലാണ് ആരാധകർ. മണൽത്തരികളിൽ സിനിമ എന്നെഴുതിയ ചിത്രവും അതിന്റെ അനുബന്ധ ഭാഗങ്ങളുമാണ് താരം പങ്കുവച്ചത്.
പസ്സിലിന്റെ ഭാഗങ്ങൾ എന്നു തോന്നിപ്പിക്കുന്ന തരത്തിലാണ് ചിത്രങ്ങളുള്ളത്. ലിജോ ചിത്രത്തിന്റെ ടൈറ്റിൽ പ്രഖ്യാപനമായിരിക്കാമിത് എന്നാണ് ആരാധകരുടെ നിഗമനം.
രാജസ്ഥാന് പ്രധാന ലൊക്കേഷനായി ചിത്രീകരിക്കുന്ന സിനിമയില്‍ ഒരു ഗുസ്തിക്കാരന്റെ വേഷത്തിലാകും മോഹന്‍ലാല്‍ എത്തുക എന്ന അഭ്യൂഹവും സിനിമപ്രേമികള്‍ക്കിടയില്‍ പ്രചരിക്കുന്നുണ്ട്. മോഹന്‍ലാല്‍ -ലിജോ ടീമില്‍ അണിയറയില്‍ ഒരുങ്ങുന്നത് ഒരു വമ്പന്‍ ചിത്രം ആയിരിക്കുമെന്ന് നടന് പൃഥ്വിരാജും കഴിഞ്ഞദിവസം പറഞ്ഞിരുന്നു.
ജനുവരി 10ന് സിനിമയുടെ ചിത്രീകരണം ആരംഭിക്കും. ലിജോ ജോസ് പെല്ലിശ്ശേരിയുടെ കരിയറിലെയും ഏറ്റവും വലിയ സിനിമയാകും ഇത്. ജോൺ ആൻഡ് മേരി ക്രിയേറ്റീവ്, മാക്സ് ലാബ്സ്, സെഞ്ച്വറി ഫിലിംസ് എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.