ഈജിപുര ദേവാലയത്തിൽ തിരുനാൾ

05:29 PM Jan 06, 2017 | Deepika.com
ബംഗളൂരു: ഈജിപുര വി. ചാവറ ദേവാലയത്തിൽ ഇടവക മധ്യസ്‌ഥനായ വിശുദ്ധ ചാവറ കുര്യാക്കോസ് എലിയാസച്ചന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാളിനു തുടക്കമായി. ഡിസംബർ 30ന് വൈകുന്നേരം ആറിന് വികാരി ഫാ. വിൽസൺ കൊല്ലംപറമ്പിൽ സിഎംഐ തിരുനാളിനു കൊടിയേറ്റി. തുടർന്ന് ദിവ്യബലിയും നൊവേനയും നടന്നു.

ജനുവരി ആറിന് വൈകുന്നേരം അഞ്ചിന് ദിവ്യബലി. തുടർന്ന് ഭക്‌തിനിർഭരമായ 40 മണിക്കൂർ ആരാധന ആരംഭിച് ജനുവരി എട്ടിനു രാവിലെ 11ന് ദിവ്യബലിയോടെ സമാപിക്കും. തുടർന്ന് ഊട്ടുനേർച്ചയും ഉണ്ടായിരിക്കും. ജനുവരി 14 നു പ്രഥമദിവ്യകാരുണ്യ സ്വീകരണ ചടങ്ങുകൾക്ക് മാണ്ഡ്യ രൂപതാ വികാരി ജനറാൾ റവ.ഡോ. മാത്യു കോയിക്കര സിഎംഐ മുഖ്യകാർമികത്വം വഹിക്കും. 21 ന് രാവിലെ ആറിനു ദിവ്യബലിയും നൊവേനയും തുടർന്ന് ഭവനങ്ങളിലേക്ക് അമ്പ് എഴുന്നള്ളിക്കൽ, വൈകുന്നേരം നാലിന് പള്ളിയിലേക്ക് അമ്പുകളുടെ കൂട്ടഎഴുന്നള്ളിപ്പ്, അഞ്ചിന് ദിവ്യബലി, നോവേന എന്നിവയും നടക്കും. ഏഴിന് കലാസന്ധ്യ അരങ്ങേറും.

പ്രധാന തിരുനാൾ ദിനമായ 22ന് വൈകുന്നേരം അഞ്ചിന് ആഘോഷമായ ദിവ്യബലിക്ക് മാണ്ഡ്യ രൂപതാ പ്രൊക്യൂറേറ്റർ ഫാ. പോൾ വാഴപ്പിള്ളി മുഖ്യ കാർമികത്വം വഹിക്കും. തുടർന്ന് ആഘോഷമായ പ്രദക്ഷിണം, തിരുശേഷിപ്പ് ചുംബനം, ആകാശ വിസ്മയം, ശിങ്കാരിമേളം എന്നിവയും നടക്കും. 23 ന് വൈകുന്നേരം ആറിന് ഇടവകയിലെ സകല മരിച്ചവർക്കും വേണ്ടിയുള്ള ദിവ്യബലിയും ഒപ്പീസും നടക്കും. തിരുനാൾ ദിവസങ്ങളിൽ അമ്പ് എടുക്കുന്നതിനും കുമ്പസാരിക്കുന്നതിനും അവസരം ഉണ്ടായിരിക്കുന്നതാണെന്ന് വികാരി ഫാ. വിൽസൺ കൊല്ലംപറമ്പിൽ അറിയിച്ചു.