പ്രണവ് മോഹൻലാലിനെ ഇഷ്ടപ്പെടുന്നവർ അദ്ദേഹത്തിനെ ഉപമിക്കുന്നത് താരത്തിളക്കിമില്ലാത്ത നടനെന്നാണ്. സിനിമ എന്ന മായിക ലോകത്തിന് ഒരിക്കലും പിടി കൊടുക്കാതെ ഇഷ്ടമുള്ളത് ചെയ്തും യാത്ര പോയും പ്രണവ് ജീവിതം ആസ്വദിക്കുകയാണ്.
ഇപ്പോൾ പ്രണവ് തന്നെ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ഒരു വീഡിയോയാണ് ചർച്ചയായിരിക്കുന്നത്. തന്റെ സാഹസികതകളും ഇഷ്ടങ്ങളുമൊക്ക കൂട്ടിയിണക്കിയുള്ള ഒരു റീലാണ് താരം പങ്കുവച്ചിരിക്കുന്നത്.
യാതൊരു ആശങ്കകളുമില്ലാതെ തലകുത്തി മറിയുന്നതും ഉയർന്ന പാറപ്പുറത്തു നിന്നും ആഴമുള്ള ജലനിരപ്പിലേക്ക് ചാടുന്നതുമെല്ലാം വീഡിയോയുടെ ഭാഗങ്ങളാണ്.
തന്റെ ഇഷ്ടങ്ങളെ മുറുകെപിടിച്ചാണ് ഈ കലാകാരൻ ജീവിക്കുന്നതെന്ന് തോന്നിപ്പിക്കുന്ന രംഗങ്ങൾ. മരത്തിന്റെ മുകളിലേക്കും പാറപ്പുറത്തുമൊക്കെ അനായസം ചാടി കയറുന്ന പ്രണവിനെ പ്രിയങ്കരനാക്കുന്നതും ഇത്തരം കാഴ്ചകളും പെരുമാറ്റവുമാണ്.
പൂച്ചയ്ക്കൊപ്പം കിടന്നും കളിമൺ പാത്രമുണ്ടാക്കിയും കടലിനെ അടുത്തറിഞ്ഞുമുള്ള പ്രണവിന്റെ യാത്രകൾ ആരെയും സന്തോഷിപ്പിക്കും.
താര രാജാവിന്റെ മകന് ഇത്ര ലളിത ജീവിതം വേണോ എന്ന ചോദ്യങ്ങൾക്ക് പോലും പ്രസക്തി ഉണ്ടെന്ന് തോന്നില്ല ഈ വീഡിയോകൾ കണ്ടാൽ. കാരണം അയാൾ ഇങ്ങനെയാണ്. ഇതിനപ്പുറം അയാളെ സന്തോഷിപ്പിക്കുന്ന മറ്റൊന്നും ഉണ്ടായിരിക്കില്ല.
നിരവധി പേരാണ് പ്രണവിന്റെ വീഡിയോയ്ക്ക് കമന്റുമായി എത്തിയിരിക്കുന്നത്. ബാക്കിയുള്ളവർ എങ്ങനെ പാൻ ഇന്ത്യൻ സ്റ്റാർ ആവാം 100 കോടി അടിക്കാം എന്നൊക്കെ ചിന്തിക്കുമ്പോൾ ഇവിടെ ഒരാൾ ഏതൊക്കെ മലകയറണം പുതിയ സാഹസങ്ങൾ ഏതൊക്കെ നോക്കണം എന്ന് ചിന്തിക്കുന്നുവെന്നാണ് ഒരാൾ കമന്റ് ചെയ്തിരിക്കുന്നത്.