നഗരത്തിൽ മാലിന്യനികുതി ഉയർത്തുന്നു

04:39 PM Jan 03, 2017 | Deepika.com
ബംഗളൂരു: നഗരത്തിലെ മാലിന്യനികുതി ഉയർത്താൻ തീരുമാനം. ഇനിമുതൽ വസ്തു നികുതിയുടെ 15 ശതമാനം അടയ്ക്കേണ്ടി വരും. നഗരത്തിലെ മലിനീകരണം കുറയ്ക്കുന്നതു ലക്ഷ്യമിട്ടാണ് സർക്കാരിന്റെ പുതിയ തീരുമാനം. നികുതി വർധന സംബന്ധിച്ച് നഗരവികസനമന്ത്രാലയം നല്കിയ ശിപാർശ ബിബിഎംപി അംഗീകരിക്കുകയായിരുന്നു. ഏപ്രിൽ ഒന്നു മുതൽ പുതിയ നികുതി നിലവിൽ വരും. ഇതിനായി സംസ്‌ഥാന സർക്കാർ 1976ലെ കർണാടക മുനിസിപ്പൽ കോർപറേഷൻ നിയമം ഭേദഗതി ചെയ്യും.

നിലവിൽ 16 ലക്ഷത്തോളം സ്‌ഥലമുടമകളാണ് നഗരപരിധിയിലുള്ളത്. മാലിന്യസംസ്കരണത്തിന് ബിബിഎംപിക്ക് ചെലവാകുന്ന തുകയുടെ 10 ശതമാനം മാത്രമാണ് ഇവരിൽ നിന്നു പിരിക്കുന്നത്. അതായത്, ഇക്കഴിഞ്ഞ സാമ്പത്തികവർഷം മാലിന്യസംസ്കരണത്തിന് ബിബിഎംപി 572.2 കോടി ചെലവാക്കിയപ്പോൾ നികുതിയിനത്തിൽ ലഭിച്ചത് 50 കോടി രൂപ മാത്രമാണ്.