യുട്യൂബ് ചാനലിലൂടെ സിനിമ റിലീസ് ചെയ്യാനൊരുങ്ങി ബാലചന്ദ്രമേനോൻ. അദ്ദേഹം തന്നെ കഥയും തിരക്കഥയും സംവിധാനവും നിർവഹിച്ച എന്നാലും ശരത് എന്ന ചിത്രം 2018ൽ തിയറ്ററുകളിൽ റിലീസ് ചെയ്തിരുന്നു.
ചിത്രം ഇപ്പോൾ ഡിജിറ്റൽ റിലീസ് ചെയ്യാനൊരുങ്ങുകയാണ് ബാലചന്ദ്രമേനോൻ. സ്വന്തം യുട്യൂബ് ചാനലിലൂടെയാണ് ചിത്രം റിലീസ് ചെയ്യുന്നത്. ഫിൽമി ഫ്രൈഡേ എന്ന യൂട്യൂബ് ചാനലിൽ ഡിസംബർ ഒൻപതിന് റിലീസ് ചെയ്യും.
എലിസബത്ത് എന്ന അനാഥയായ പെൺകുട്ടിയെ കേന്ദ്രികരിച്ച് വികസിക്കുന്ന ഒരു കഥയാണിത്. അവളുടെ മരണവും തുടർന്നു നടക്കുന്ന പോലീസ് കേസും അതിനെ ചുറ്റിയുള്ള ഫ്ലാഷ് ബാക്ക് രംഗങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.
ത്രില്ലർ സ്വഭാവത്തിലുള്ള ചിത്രത്തിൽ നിധി അരുൺ, നിത്യാ നരേഷ്, ചാർളി ജോ, ലാൽ ജോസ്, ജൂഡ് ആന്റണി ജോസഫ്, അജു വർഗീസ്, ജോയ് മാത്യു, സുരഭി ലക്ഷ്മി, ദിലീഷ് പോത്തൻ, അഖിൽ വിനായക് തുടങ്ങിയവരാണ് അഭിനയിക്കുന്നത്.
സാം എന്ന ഡോക്ടറുടെ വേഷത്തിൽ ബാലചന്ദ്ര മേനോനും ചിത്രത്തിലുണ്ട്. റഫീക്ക് അഹമ്മദ്, ഹരിനാരായണൻ എന്നിവരുടെ വരികൾക്ക് ഔസേപ്പച്ചൻ സംഗീതം പകരുന്നു. സേഫ് സിനിമാസിന്റെ ബാനറിൽ ആർ. ഹരികുമാർ ആണ് നിർമാണം