ഭർത്താവിനും കുടുംബത്തിനുമൊപ്പം മകൻ സായ് കൃഷ്ണയുടെ ജൻമദിനം ആഘോഷമാക്കി നടി നവ്യ നായർ. മകന്റെ 12-ാം ജൻമദിനമാണ് ഭർത്താവ് സന്തോഷ് മേനോനും കുടുംബാംഗങ്ങൾക്കുമൊപ്പം താരം ആഘോഷിച്ചത്. നവ്യ തന്നെയാണ് ചിത്രം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്.
മകനെ ചേർത്തു നിർത്തി സ്നേഹചുംബനം നൽകുന്ന നവ്യയെയും ഭർത്താവിനെയും ചിത്രത്തിൽ കാണാം. ജാപ്പനീസ് മാംഗ സീരീസിലെ നാരുട്ടോ തീമിലാണ് പിറന്നാൾ കേക്കും മറ്റും അണിയിച്ചൊരുക്കിയത്.
മകന് ജന്മദിന സമ്മാനമായി ലഭിച്ച പുതിയ റിസ്റ്റ് ബാൻഡിന്റെ ചിത്രവും താരം പോസ്റ്റ് ചെയ്തു. നിരവധി പേരാണ് സായിക്ക് ആശംസകളുമായി എത്തിയത്. വി.കെ.പ്രകാശ് സംവിധാനം ചെയ്ത ‘ഒരുത്തീ’ എന്ന ചിത്രത്തിലൂടെയാണ് നവ്യ നായർ മലയാളത്തിലേക്ക് തിരിച്ചെത്തിയത്.
അനീഷ് ഉപാസന സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ നായികയായി അഭിനയിക്കുകയാണ് നവ്യ ഇപ്പോൾ. സൈജു കുറുപ്പാണ് ചിത്രത്തിലെ നായകൻ.