ബിടിഎസ് ആർമിയെ സ്നേഹിക്കുന്നവർക്ക് ഞായറാഴ്ച ഖത്തർ ലോകകപ്പിന്റെ ഉദ്ഘാടന വേദി സമ്മാനിച്ചത് ആവേശത്തിന്റെ അലകടലായിരുന്നു. നാഡീഞരന്പുകളിൽ ബിടിഎസ് എന്ന വികാരം പേറുന്ന ആരാധകർക്ക് അൽബൈത്ത് സ്റ്റേഡിയം തിരികെ നൽകിയത് ബിടിഎസിലെ ജംഗൂകിന്റെ ലൈവ് സംഗീത അവതരണം.
ഞായറാഴ്ച രാവിലെ പുറത്തിറക്കിയ ഡ്രീമേഴ്സ് എന്ന സംഗീത ആല്‍ബത്തിന്റെ ഗാനം ലൈവായി അവതരിപ്പിച്ച് ജംഗൂക് കാൽപന്തിന്റെ ആവേശത്തിന് മുന്നേ കോടിക്കണക്കിന് ആരാധകരിലേക്ക് പെയ്തിറങ്ങി.
ലോകകപ്പിന് സാക്ഷ്യം വഹിക്കാൻ സ്റ്റേഡിയത്തിലെത്തിയവർക്കും തൽസമയം ടെലിവിഷനിൽ ആസ്വദിച്ചവർക്കും ജംഗൂക് നൽകിയ നിമിഷം മറക്കാനാവില്ല. ഖത്തറി പാട്ടുകാരന് ഫഹദ് അൽ ഖുബൈസിക്കൊപ്പം വേദിയിലെത്തിയ ജംഗൂക് സദസിനെ ഇളക്കിമറിച്ചു.
ബിടിഎസ് ആർമിയിൽ നിന്നും എല്ലാവരെയും പ്രതീക്ഷിച്ച ആരാധകർക്ക് ഏഴംഘ സംഘത്തിൽ നിന്നും ഒരാൾ മാത്രം എത്തിയത് കുറച്ച് നിരാശ സമ്മാനിച്ചു. ബിടിഎസിലെ ഏറ്റവും പ്രായം കുറഞ്ഞ താരമായ ജംഗൂക് കഴിഞ്ഞ മാസം ഖത്തർ സന്ദർശിച്ചിരുന്നു. അതിനാൽ തന്നെ ആവേശത്തിലായിരുന്നു ആരാധകരും. ഏതായലും അത്തറു മണക്കുന്ന ഖത്തറിൽ ബിടിഎസിന്റെ ആവേശം സൃഷ്ടിച്ചാണ് ജംഗൂക് മടങ്ങിയത്.