നല്ല സിനിമയെ എഴുതി തോൽപിക്കാനാകില്ലെന്ന് സംവിധായകൻ ജൂഡ് ആന്റണി. ചലച്ചിത്രനിരൂപണം എഴുതുന്നവർ സിനിമ എന്താണെന്ന് പഠിച്ചിട്ട് എഴുതുന്നാകും നല്ലതെന്ന് സംവിധായിക അഞ്ജലി മേനോൻ പറഞ്ഞതിന്റെ പശ്ചാത്തലത്തിലാണ് ജൂഡിന്റെ മറുപടി. അധ്വാനിച്ച പണം കൊണ്ട് സിനിമ കാണുന്നയാളാണ് താനെന്നും അദ്ദേഹം പറഞ്ഞു.
ഞാൻ സിനിമ പ്രേക്ഷകനാണ്. അധ്വാനിച്ച പണം കൊണ്ട് സിനിമ കാണുന്നയാൾ. സിനിമ ഡയറക്റ്റ് ചെയ്യാൻ വേണ്ടി പോലും സിനിമ പഠിക്കാൻ കോഴ്സ് ചെയ്തിട്ടില്ല. പിന്നെയല്ലേ അഭിപ്രായം പറയാൻ. നല്ല സിനിമയെ എഴുതി തോൽപ്പിക്കാൻ ആകില്ല. അതുപോലെ മോശം സിനിമയെ എഴുതി വിജയിപ്പിക്കാനും. As simple as that. ജൂഡ് കുറിച്ചു.
സിനിമ എന്താണെന്നു പഠിച്ചിട്ട് റിവ്യൂ എഴുതുന്നതാണു നല്ലതെന്നായിരുന്നു അഞ്ജലി മേനോൻ പറഞ്ഞത്. ഒരു സിനിമ തുടങ്ങി ആദ്യ സീൻ കഴിയുമ്പോഴേ സോഷ്യൽ മീഡിയയിൽ മോശം അഭിപ്രായം ഇടുന്നതു ശ്രദ്ധയിൽ പെട്ടിട്ടുണ്ട്.
വളരെ സീരിയസായ സിനിമാ ചർച്ചകൾ നടക്കുന്ന ഫോറവും സോഷ്യൽ മീഡിയയിൽ ഉണ്ട്. സിനിമ എഡിറ്റിംഗ് എങ്ങനെയാണെന്നു പഠിക്കാതെ സിനിമയ്ക്ക് ലാഗ് ഉണ്ടെന്നൊക്കെ പറയുന്നത് മോശം പ്രവണതയാണെന്നും അഞ്ജലി മേനോൻ ഒരു യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു.