രൺബീർ കപൂർ ആലിയ ഭട്ട് താരജോഡികളുടെ ഈ വർഷത്തെ സൂപ്പർ ഹിറ്റ് ചിത്രമായിരുന്നു ബ്രഹ്മാസ്ത്രയുടെ ഒന്നാം ഭാഗം. ബോളിവുഡ് സിനിമകൾ പലതും പരാജയങ്ങളിലേക്ക് കൂപ്പുകുത്തിയപ്പോൾ ബ്രഹ്മാസ്ത്രയായിരുന്നു വിജയവുമായി എത്തിയ ചിത്രം. തിയറ്റുറകളിൽ ഹിറ്റ് സമ്മാനിച്ച ചിത്രം ഇപ്പോൾ ഹോട്ട് സ്റ്റാറിൽ സ്ട്രീമിംഗ് നടത്തുകയാണ്.
ഇപ്പോഴിതാ സിനിമയുടെ ക്ലൈമാക്സ് ചിത്രീകരിക്കുന്ന ബിഹൈൻഡ് ദ് സീന്‍ വീഡിയോയാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. പശ്ചാത്തലം മുഴുവൻ നീല നിറത്തിലുള്ള മാറ്റ് വച്ച് ഇന്‍ഡോറിലാണ് ക്ലൈമാക്സ് ചിത്രീകരിച്ചിരിക്കുന്നത്. ഹോളിവുഡില്‍ നിന്നുള്ള നിരവധി സാങ്കേതിക പ്രവര്‍ത്തകരാണ് ചിത്രീകരണത്തില്‍ പങ്കെടുത്തത്.
ഇന്ത്യൻ പുരാണം ഇതിവൃത്തമാക്കിയെടുത്ത ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് അയാൻ മുഖർജിയാണ്. ആക്ഷനും വിഷ്വല്‍ എഫക്റ്റ്സിനും വൈകാരികതയ്ക്കുമൊക്കെ പ്രാധാന്യമുള്ള 20 മിനിറ്റ് സീക്വന്‍സ് ആയിരുന്നു ചിത്രത്തിന്റെ ക്ലൈമാക്സ്. ഈ 20 മിനിറ്റിന് ഒരു ഇന്‍ഡിപെന്‍ഡന്റ് സിനിമയായി തന്നെ നില്‍ക്കാനുള്ള ശേഷിയുണ്ടെന്ന് സംവിധായകന് അയന് മുഖര്‍ജി പറയുന്നു.