നീല മനുഷ്യരെ കാത്തിരിക്കുന്ന ലോകമെമ്പാടുമുള്ള അവതാർ പ്രേമികൾക്കായി ‘അവതാർ 2’ (അവതാർ: ദ് വേ ഓഫ് വാട്ടർ) ട്രെയിലർ എത്തി. കടലും കടലിനോടുള്ള പ്രണയവുമാണ് രണ്ടാം ഭാഗത്തിൽ കാണിക്കുന്നത്.
ഉഷ്ണമേഖലാ ബീച്ചുകളും പാൻഡോറ തീരങ്ങളും ഒരു കടൽത്തീര സ്വർഗമായി ചിത്രത്തിൽ കാണിക്കുന്നു. ത്രീഡി കാഴ്ചകളുമായി പ്രേക്ഷകനെ പിടിച്ചിരുന്ന തരത്തിലാണ് ജെയിംസ് കാമറൂൺ ചിത്രം ഒരുക്കിയിരിക്കുന്നത്. ഡിസംബർ 16ന് ചിത്രം തിയറ്ററുകളിലെത്തും.
2009ൽ റിലീസ് ചെയ്ത് ഹിറ്റ് ചിത്രം അവതാറിന്റെ തുടർച്ചയാണ് അവതാർ 2. സാം വർതിംഗ്ടൺ, സോ സൽദാന, സ്റ്റീഫൻ ലാംഗ്, മാട്ട് ജെറാൾഡ്, ക്ലിഫ് കർടിസ്, കേറ്റ് വിൻസ്ലെറ്റ് എന്നിവരാണ് പ്രധാന അഭിനേതാക്കൾ.
മെറ്റ്കയിന എന്ന പേരിലുള്ള പാറകളിൽ വസിക്കുന്ന നവിയുടെ ഒരു പുതിയ വംശത്തെ രണ്ടാം ഭാഗത്തിൽ അവതരിപ്പിക്കുന്നു. 2012ലാണ് അവതാറിന് തുടർഭാഗങ്ങളുണ്ടാകുമെന്ന് ജെയിംസ് കാമറൂൺ പ്രഖ്യാപിച്ചത്. ചിത്രങ്ങളുടെ റിലീസും അതോടൊപ്പം പ്രഖ്യാപിച്ചിരുന്നു.
രണ്ടാം ഭാഗം 2020 ഡിസംബറിലും മൂന്നാം ഭാഗം 2021 ഡിസംബർ 17 നും നാലാം ഭാഗം 2024 ഡിസംബർ 20നും അഞ്ചാം ഭാഗം 2025 ഡിസംബർ 19നും റിലീസ് ചെയ്യുമെന്നായിരുന്നു പ്രഖ്യാപനം. എന്നാൽ കൊവിഡ് പടർന്ന സാഹചര്യത്തിൽ റിലീസുകൾ പ്രഖ്യാപിച്ച സമയത്ത് നടത്താനായില്ല.