പുതിയ ചിത്രമായ വിലായത്ത് ബുദ്ധയുടെ സെറ്റിൽ ജോയിൻ ചെയ്ത് പൃഥ്വിരാജ്. മറയൂരിൽ ചിത്രീകരണം ആരംഭിച്ച സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്തിറക്കി. നവാഗതനായ ജയൻ നമ്പ്യാർ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫറിന്റെ സഹസംവിധായകൻ ആയിരുന്നു ജയൻ നമ്പ്യാർ.
ജി. ആർ ഇന്ദുഗോപന്റെ പ്രശസ്ത നോവലായ വിലായത്ത് ബുദ്ധ അതേ പേരിൽ തന്നെയാണ് സിനിമയാക്കുന്നത്. ചന്ദന മോഷ്ട്ടാവായ ഡബിൾ മോഹൻ എന്ന കഥാപാത്രത്തെ പൃഥ്വിരാജ് അവതരിപ്പിക്കുമ്പോൾ നായകനോടൊപ്പം നിറഞ്ഞു നിൽക്കുന്ന തൂവെള്ള ഭാസ്കരൻ എന്ന കഥാപാത്രത്തെ കോട്ടയം രമേശും അവതരിപ്പിക്കുന്നു. പ്രിയംവദ കൃഷ്ണയാണ് ചിത്രത്തിൽ നായിക.
ജി.ആർ. ഇന്ദുഗോപനും രാജേഷ് പിന്നാടനും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. അയ്യപ്പനും കോശിയും എന്ന ചിത്രത്തിന് ശേഷം സച്ചി സംവിധാനം ചെയ്യാനിരുന്ന ഈ സിനിമ അദ്ദേഹത്തിന്റെ അകാല വിയോഗത്തെ തുടർന്ന് സച്ചിയുടെ ശിഷ്യനും ലൂസിഫറില്‍ സഹസംവിധായകനുമായിരുന്ന ജയന് നമ്പ്യാർ സംവിധാനം ചെയ്യാൻ തീരുമാനിക്കുകയായിരുന്നു.
പകയും പ്രതികാരവും പ്രണയവും പശ്ചാത്തലമാകുന്ന ഈ ചിത്രം മലയാള സിനിമയിലെ ബ്രഹ്മാണ്ഡ ചിത്രങ്ങളില്‍ ഒന്നായിരിക്കും. ഒരു ത്രില്ലർ മൂവിയാണ് ‘വിലായത്ത് ബുദ്ധ’. പൊന്നുകായ്ക്കുന്ന മരമെന്നു വിശേഷിപ്പിക്കാവുന്ന ചന്ദന മരങ്ങളുടെ കേന്ദ്രമായ മറയൂരിലെ ചന്ദനക്കാടുകളുടെ പശ്ചാത്തലത്തിലൂടെയാണ് ചിത്രം കഥ പറയുന്നത്.
ഷമ്മി തിലകൻ, അനു മോഹൻ, രാജശ്രീ നായർ, ടി.ജെ. അരുണാചലം തുടങ്ങി നിരവധി താരങ്ങൾ സിനിമയിലുണ്ട്. ജേക്സ് ബിജോയ് ആണ് സംഗീത സംവിധാനം. '777 ചാര്‍ലി'യുടെ ഛായാഗ്രാഹകനായ അരവിന്ദ് കശ്യപാണ് ക്യാമറ.