നടൻ മോഹൻലാലിന് പാചകത്തോടുള്ള പ്രിയം എല്ലാവർക്കുമറിയാവുന്നതാണ്. വ്യത്യസ്തമായ പാചക കൂട്ടുകൾ സ്വയം ഉണ്ടാക്കി പ്രേക്ഷകരെ കാണിച്ചിട്ടുമുണ്ട് അദ്ദേഹം. താരത്തിന്റെ പാചകത്തെക്കുറിച്ചുള്ള അറിവുകൾ വലുതാണെന്ന് പ്രശസ്ത പാചക വിദഗ്ദൻ സുരേഷ് പിള്ള. മോഹൻലാലിന്റെ പുതിയ വീട്ടിൽ ചിലവഴിച്ച സമയത്തെക്കുറിച്ചും തന്ന ഭക്ഷണത്തെക്കുറിച്ചുമുള്ള സന്തോഷം ഷെഫ് സമൂഹമാധ്യമങ്ങളിൽ കുറിച്ചു.
ലാലേട്ടന്റെ കൊച്ചിയിലെ പുതിയ വീട്ടിൽ അദ്ദേഹത്തോടൊപ്പം ചിലവഴിച്ച ഒരു വൈകുന്നേരം..! ഞാൻ വാതോരാതെ സിനിമയെക്കുറിച്ചും അദ്ദേഹം ഭക്ഷണത്തെക്കുറിച്ചും സംസാരിച്ച മണിക്കുറുകൾ... നാഗവല്ലി സണ്ണിക്ക് ആഭരണങ്ങൾ വിവരിച്ച് കൊടുക്കുന്ന അതെ ഭാവത്തോടെ അദ്ദേഹത്തിന്റെ അടുക്കളയിലെ Rational Combi Oven, Thermomix, japanese teppanyaki grill എന്നിവ എനിക്ക് കാണിച്ച് തന്നത്...
ലാലേട്ടൻ അഭിനേതാവായിരുന്നില്ലങ്കിൽ ഒരുപക്ഷേ ഒരു വിശിഷ്ട പാചക വിദഗ്ദ്ധനാവുമായിരുന്നു എന്ന് അദ്ദേഹത്തിന്റെ ഭക്ഷണ അറിവുകൾ കേൾക്കുന്പോൾ എനിക്ക് തോന്നി..!! ആട്ടിറച്ചി മല്ലിയില കുറുമയും, ചെമ്മീൻ അച്ചാറും നിറയെ തേങ്ങയിട്ട ഇടിയപ്പവും അദ്ദേഹത്തോടൊപ്പം കഴിച്ചു. നന്ദി ലാലേട്ടാ ഇങ്ങനെയൊരു മനോഹര സന്ധ്യ സമ്മാനിച്ചതിന്. സുരേഷ് പിള്ള കുറിച്ചു.