മോൺസ്റ്റർ സോംബി സിനിമയാണെന്ന ഒരാളുടെ കമന്റിന് തക്ക മറുപടി കൊടുത്ത് സംവിധായകൻ വൈശാഖ്. സംവിധായകൻ പങ്കുവച്ച പോസ്റ്റിന് താഴെ ആണ് കമന്റിട്ടത്. മോൺസ്റ്റർ ഉടൻ നിങ്ങൾക്കരികിൽ എന്നാണ് വൈശാഖ് ചിത്രം സഹിതം പങ്കുവച്ചത്.
തൊട്ടുതാഴെ സോംബി വരുന്നു എന്നു ആവർത്തിച്ചുള്ള കമന്റാണ് സംവിധായകനെ രോഷാകുലനാക്കിയത്. കമന്റിട്ടു നശിപ്പിച്ചാലും സിനിമ നല്ലതാണെങ്കിൽ അത് പ്രേക്ഷകർ സ്വീകരിക്കുമെന്നും അദ്ദേഹം കമന്റിലൂടെ വ്യക്തമാക്കി.
‘സോംബി വരുന്നു, സോംബി വരുന്നു. കേരളത്തിലെ തിയറ്ററുകളില്‍ 21ന് സോംബി ഇറങ്ങുന്നു, സിംഗ് സിംഗ് ലക്കി സിംഗ് . വെറും എട്ട് കോടി ബജറ്റില്‍ സോംബി എത്തുന്നു’’ എന്നായിരുന്നു കമന്റ്. ഈ കമന്റിനാണ് അർഹിക്കുന്ന മറുപടിയുമായി വൈശാഖ് എത്തിയത്.
‘‘എന്റെ പേജിൽ വന്ന് സോംബി എന്നൊക്കെ എഴുതാൻ ഒരു നാണവും തോന്നുന്നില്ലേ സുഹൃത്തേ. ഇത് സോംബി പടം ഒന്നും അല്ലെന്നും ഒരു സാധാരണ ത്രില്ലർ ആണെന്നും ഞാൻ ഇതിനു മുമ്പും പല തവണ പറഞ്ഞതാണ്.
പിന്നെ നിങ്ങൾ എത്ര ഓവർ ഹൈപ്പ് കൊടുത്തു നശിപ്പിക്കാൻ ശ്രമിച്ചാലും ഈ സിനിമ നല്ലതാണെങ്കിൽ, അത് ജനങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ പിന്നെയത് വിജയിക്കുക തന്നെ ചെയ്യും. സഹോദരനോട് സ്നേഹം മാത്രം.’’–വൈശാഖ് പറഞ്ഞു.
വെള്ളിയാഴ്ചയാണ് ചിത്രം റിലീസ് ചെയ്യുന്നത്. പുലിമുരുകന് ശേഷം വൈശാഖും മോഹൻലാലും ഉദയ്കൃഷ്ണയും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.