പോക്കിരി രാജക്ക് ശേഷം വീണ്ടും ഒന്നിക്കാനൊരുങ്ങി സംവിധായകൻ വൈശാഖും നടൻ പൃഥ്വിരാജും. ഇരുവരും 12 വർഷത്തിനു ശേഷം ഒന്നിക്കുന്നു എന്ന പ്രത്യേകതയും പുതിയ ചിത്രത്തിനുണ്ട്. ഖലീഫ എന്ന് പേര് നൽകിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. "പ്രതികാരം സുവർണ്ണ ലിപികളാൽ എഴുതപ്പെടും' എന്നതാണ് ചിത്രത്തിന്റെ ടാഗ്ലൈൻ.
ജിനു എബ്രഹത്തിന്റേതാണ് ചിത്രത്തിന്റെ തിരക്കഥ. ജിനു എബ്രഹാം ഇന്നോവേഷൻ, യോഡ്ലി ഫിലിംസ്, സരിഗമ എന്നിവയുടെ ബാനറിൽ ജിനു എബ്രഹാം, ഡോൾവിൻ കുര്യാക്കോസ്, സൂരജ് കുമാർ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.
കൈതി, മാസ്റ്റർ, ദസ്ര തുടങ്ങിയ വമ്പൻ തെന്നിന്ത്യൻ സിനിമകൾക്കായി സഹകരിച്ചിട്ടുള്ള സത്യൻ സൂര്യയാണ് ചിത്രത്തിനായി ഛായാഗ്രഹണം ഒരുക്കുന്നത്. സംഗീതം ജേക്സ് ബിജോയ്, എഡിറ്റിംഗ് ഷമീർ മുഹമദ്. ദുബായ് പശ്ചാത്തലത്തിലാണ് ചിത്രം ഒരുങ്ങുന്നത്.