കെജിഎഫ് സംവിധായകനായ പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന സലാറിൽ പ്രധാനകഥാപാത്രമായ വരദരാജ മന്നാർ ആയി പൃഥ്വിരാജ് എത്തുന്നു. ചിത്രത്തിലെ പൃഥ്വിയുടെ ലുക്കാണ് അണിയറ പ്രവർത്തകർ ഇപ്പോൾ റിലീസ് ചെയ്തിരിക്കുന്നത്.
താരത്തിന്റെ ജൻമദിനത്തോടനുബന്ധിച്ചാണ് പ്രത്യേക പോസ്റ്റർ റിലീസ് ചെയ്തത്. ഗംഭീര ലുക്കിലാണ് പൃഥ്വിരാജ് എത്തുന്നത്. ചിത്രത്തിൽ പ്രഭാസാണ് നായകൻ. 200 കോടി മുതൽമുടക്കിൽ ഒരുങ്ങുന്ന ചിത്രത്തിൽ പൃഥ്വിയുടെ കഥാപാത്രം എന്തെന്ന് അറിയാനുള്ള ആകാംഷയിലാണ് ആരാധകർ.
ശ്രുതി ഹാസനാണ് സലാറിലെ നായിക. ജഗപതി ബാബു, ഈശ്വരി റാവു, മധു ഗുരുസ്വാമി എന്നിവരാണ് മറ്റുപ്രധാനവേഷങ്ങളിൽ എത്തുന്നത്. ഭുവൻ ഗൗഡ ഛായാഗ്രഹണവും രവി ബസ്രുർ സംഗീത സംവിധാനവും നിർവഹിക്കുന്നു.
കെ.ജി.എഫ് ഒന്നും രണ്ടും ഭാഗങ്ങൾ നിർമിച്ച ഹോംബാലെ ഫിലിംസിന്റെ ബാനറിൽ വിജയ് കിരഗണ്ടൂർ ആണ് സലാറും നിർമിക്കുന്നത്. തെലുങ്കിലും കന്നഡയിലും ഒരേ സമയം ചിത്രീകരിക്കുന്ന ചിത്രം മലയാളം, ഹിന്ദി ഉൾപ്പെടെയുള്ള ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യും. 2023 സെപ്റ്റംബർ 28നാണ് ചിത്രം റിലീസ് ചെയ്യുക.