അമല പോൾ നമ്പൂതിരി സ്ത്രീയുടെ വേഷത്തിലെത്തുന്ന ദ്വിജയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. അമല പോളിനൊപ്പം നീരജ് മാധവ്, ശ്രുതി ജയൻ എന്നിവരും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ഐജാസ് ഖാനാണ്.
ദ് വൈറ്റ് എലിഫന്റ്, ബാങ്കി കി ക്രേസി ബാരാത്ത്, ദേശീയ അവാർഡ് നേടിയ ഹമീദ് എന്നീ സിനിമകൾ ഐജാസ് സംവിധാനം ചെയ്തവയാണ്. പുരുഷമേധാവിത്വത്തിനെതിരെയുള്ള പോരാട്ടത്തിന്റെയും സ്ത്രീകളുടെ അതിജീവനത്തിന്റെയും കഥയാണ് ചിത്രം പറയുന്നത്. പ്രശസ്ത എഴുത്തുകാരി മീന ആർ. മേനോന്റേതാണ് ദ്വിജയുടെ തിരക്കഥ.
മൈത്രി മൂവി മേക്കേഴ്സിന്റെ വൈ.നവീനും വൈ.രവി ശങ്കറും, രാധികാ ലാവു നയിക്കുന്ന എല്ലനാർ ഫിലിംസും, നിർമാതാവ് വിവേക് രംഗചാരിയും സംയുക്തമായാണ് ദ്വിജ നിർമിക്കുന്നത്. ഛായഗ്രഹണം നിർവഹിക്കുന്നത് ജോൺ വിൽമർ. ദേശീയ അവാർഡ് ജേതാവായ എഡിറ്റർ ബീനാ പോളാണ് ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിക്കുന്നത്. ആൻഡ്രൂ മാക്കിയാണ് സംഗീത സംവിധാനം.