തമിഴ് ബോക്സ് ഓഫീസിൽ ഈ വർഷം ഏറ്റവുമധികം പണം വാരിയ കമൽഹാസൻ ചിത്രം വിക്രമിനെ മറികടക്കാൻ മണിരത്നം ഒരുക്കിയ പൊന്നിയിൻ സെൽവന് സാധിക്കുമോ എന്ന ആകാംക്ഷയിലാണ് സിനിമാപ്രേമികൾ. ഏറ്റവുമധികം കളക്ഷൻ ലഭിച്ച തമിഴ് ചിത്രമെന്ന നേട്ടം വിക്രമിൽ നിന്ന് ചുരുങ്ങിയ സമയത്തിനുള്ളിൽ പൊന്നിയിൻ സെൽവൻ(പിഎസ്-I) നേടിയെടുക്കുമെന്നാണ് സൂചന.
പുറത്തിറങ്ങി നാല് ദിവസത്തിനുള്ളിൽ 220 കോടി രൂപയിലേറെയാണ് പിഎസ്-I നേടിയത്. ചിത്രത്തിന്റെ നിർമാതാക്കൾ ഔദ്യോഗികമായി കളക്ഷൻ പുറത്തുവിട്ടിട്ടില്ലെങ്കിലും പ്രചരിക്കുന്ന ബോക്സ് ഓഫീസ് കണക്കുകൾ ഏറെക്കുറെ ശരിയാണെന്ന് തമിഴ്നാട് ചലച്ചിത്ര നിർമാതാക്കളുടെ സംഘടന(ടിഎഫ്എപിഎ) അറിയിച്ചു.
ടിഎഫ്എപിഎ പ്രതിനിധികൾ സംവിധായകൻ മണിരത്നത്തെ നേരിട്ട് കണ്ട് അഭിനന്ദനം അറിയിച്ചു. ചിത്രം 500 കോടി രൂപ കളക്ഷൻ നേടുമെന്ന് പ്രതീക്ഷിക്കുന്നതായി ട്രേഡ് അനലിസ്റ്റുകൾ പറഞ്ഞു. 425 കോടി രൂപയാണ് ലോകേഷ് കനകരാജ് സംവിധാനം ചെയ്ത് കമൽഹാസൻ ചിത്രം വിക്രം നേടിയത്.