പ്രഭാസ് നായകനായെത്തുന്ന ബിഗ് ബജറ്റ് ചിത്രം ആദിപുരുഷിന്റെ ടീസര്‍ എത്തി. രാമായണത്തെ ആസ്പദമാക്കി ഒരുക്കിയിരിക്കുന്ന ഈ ചിത്രം ഓം റൗട്ടാണ് സംവിധാനം ചെയ്യുന്നത്. തിന്മയ്ക്ക് മുകളിൽ നന്മയുടെ വിജയം എന്നാണ് ചിത്രത്തിന്റെ ടാഗ്ലൈൻ.
രാമ-രാവണ യുദ്ധം പശ്ചാത്തലമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ചിത്രം ത്രിഡിയിലാണ് ഒരുങ്ങുന്നതെന്നാണ് റിപ്പോർട്ട്. ടി സീരിസാണ് ചിത്രത്തിന്റെ നിർമാണം.
തെലുങ്ക്, ഹിന്ദി, മലയാളം, കന്നഡ, തമിഴ് എന്നീ ഭാഷകളിലും ചിത്രമെത്തിക്കും. വിഎഫ്എക്സിന് ഏറെ പ്രാധാന്യമുള്ള ചിത്രം ഒരുക്കുന്നതിന് 500 കോടിയാണ് ബജറ്റ്. സെയ്ഫ് അലിഖാനാണ് പ്രഭാസിന്റെ പ്രതിനായകനായി ചിത്രത്തിൽ വേഷമിടുന്നത്.
എന്നാൽ ഇപ്പോൾ ചിത്രത്തിന്റെ വിഎഫ്ക്സിനെ വിമർശിച്ചും ട്രോളിയും നിരവധിപേരാണ് സമൂഹമാധ്യമത്തിൽ വീഡിയോസ് പങ്കുവയ്ക്കുന്നത്. കൊച്ചുടിവിയിൽ പ്രദർശിപ്പിക്കുന്ന സീരിയലുകൾക്കുപോലും ഇതിനേക്കാൾ നിലവാരമുണ്ടെന്നാണ് വിമർശകരുടെ പ്രതികരണങ്ങൾ. ടെമ്പിൾ റൺ എന്ന മൊബൈല്‍ ഗെയ്മിന്റെ വിഎഫ്എക്സ് ആണെന്നും ഇതിലും മികച്ചതാണെന്നും ചിലർ പറയുന്നു.