ഒരു ദിവസത്തേക്ക് തന്നെ കേരളത്തിന്റെ ഏകാധിപതിയാക്കിയാൽ താൻ ആദ്യം ചെയ്യുക കുഴിമന്തിയെന്ന പേര് നിരോധിക്കുകയാകുമെന്ന് നടനും എഴുത്തുകാരനുമായ വി.കെ.ശ്രീരാമൻ.
കുഴിമന്തിയെന്ന പേര് തന്നെ നിരോധിക്കണമെന്നും മലയാള ഭാഷയെ മാലിന്യത്തിൽ നിന്നും മോചിപ്പിക്കാനുള്ള നടപടിയായി ഇതിനെ കണ്ടാൽ മതിയെന്നും ശ്രീരാമൻ പറഞ്ഞു.
‘‘ഒരു ദിവസത്തേക്ക് എന്നെ കേരളത്തിന്റെ ഏകാധിപതിയായി അവരോധിച്ചാൽ ഞാൻ ആദ്യം ചെയ്യുക കുഴിമന്തി എന്ന പേര് എഴുതുന്നതും പറയുന്നതും പ്രദർശിപ്പിക്കുന്നതും നിരോധിക്കുക എന്നതായിരിക്കും. മലയാള ഭാഷയെ മാലിന്യത്തിൽ നിന്ന് മോചിപ്പിക്കാനുള്ള നടപടിയായിരിക്കും അത്.പറയരുത്, കേൾക്കരുത്, കാണരുത് കുഴി മന്തി’’ ശ്രീരമാൻ കുറിച്ചു.
സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പ് വലിയ ചർച്ചകൾക്ക് തന്നെ കാരണമായി. അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പ്രതികരണങ്ങളാണ് കുറിപ്പിന് താഴെ വന്നത്.