വസ്ത്രധാരണത്തിന്റെ പേരിൽ നടക്കുന്ന സൈബർ ആക്രമണങ്ങളിൽ പ്രതികരണവുമായി നടി ഭാവന. എല്ലാം ശരിയാകുമെന്ന് വിചാരിച്ച് മുന്നോട്ട് നീങ്ങുന്പോൾ മനപൂർവം വേദനിപ്പിച്ച് ഇരുട്ടിലേക്ക് വിടാൻ നോക്കുന്ന ഒരുപാട് പേർ തനിക്ക് ചുറ്റുമുണ്ടെന്ന് താരം സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിൽ പറഞ്ഞു.
ഗോൾഡൻ വിസ സ്വീകരിക്കാൻ ദുബായിൽ പോയപ്പോൾ ഭാവന ധരിച്ച വസ്ത്രത്തിന്റെ പേരിൽ താരം സൈബർ അക്രമണം നേരിട്ടിരുന്നു.
ശരീരത്തിന്റെ നിറമുള്ള സ്ലിപ്പായിരുന്നു ധരിച്ചതെന്നും അതു ടോപ്പിന്റെ ഭാഗം തന്നെയാണെന്നും ഇപ്പോൾ പ്രചരിക്കുന്ന വിഡിയോയിലും ഫോട്ടോയിലും അതു വ്യക്തമാണെന്നും ഒരു മാധ്യമത്തിനോട് പറഞ്ഞ ഭാഗങ്ങൾ കൂടി ഉൾപെടുത്തിയാണ് താരം പ്രതികരിച്ചത്.
"എല്ലാം ശെരിയാവും എന്ന് ഓരോ ദിവസവും സ്വയം പറഞ്ഞു ജീവിച്ചു തീർക്കാൻ നോക്കുമ്പോൾ, എന്റെ പ്രിയപെട്ടവരെ വിഷമിപ്പിക്കരുത് എന്ന് വിചാരിച്ചു സങ്കടങ്ങൾ മാറ്റി വെക്കാൻ നോക്കുമ്പോളും, ഞാൻ എന്തു ചെയ്താലും ആക്ഷേപിക്കാനും ചീത്ത വാക്കുകൾ ഉപയോഗിച്ച് എന്നെ വേദനിപ്പിച്ചു വീണ്ടും ഇരുട്ടിലേക്ക് വിടാൻ നോക്കുന്ന ഒരുപാട് പേര് ഉണ്ട് എന്ന് എനിക്ക് അറിയാം. അങ്ങനെ ആണ് അവരൊക്കെ സന്തോഷം കണ്ടെത്തുന്നത് എന്നും എനിക്ക് ബോധ്യമുണ്ട്. അങ്ങനെ ആണ് നിങ്ങൾക്കു സന്തോഷം കിട്ടുന്നത് എങ്കിൽ അതിലും ഞാൻ തടസം നിൽക്കില്ല. -ഭാവന സമൂഹമാധ്യമത്തിൽ കുറിച്ചു.