ബി. ഉണ്ണികൃഷ്ണന് ചിത്രം ക്രിസ്റ്റഫർ പൂര്‍ത്തിയാക്കി മമ്മൂട്ടി. സംവിധായകൻ തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ വിവരം പങ്കുവച്ചത്. മമ്മൂക്ക ക്രിസ്റ്റഫറിലെ തന്റെ ഭാഗം പൂര്‍ത്തിയാക്കി. അദ്ദേഹത്തെ ചിത്രീകരിക്കുക എന്നത് ശരിക്കും മായികമായ അനുഭവം തന്നെയായിരുന്നു. എല്ലാത്തിനും നന്ദി മമ്മൂക്ക, മമ്മൂട്ടിക്കൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ട് ബി.ഉണ്ണികൃഷ്ണന് ഫേസ്ബുക്കില്‍ കുറിച്ചു.
ബയോഗ്രാഫി ഓഫ് എ വിജിലൻറ് കോപ്പ് എന്ന ടാഗ്ലൈനിൽ ഇറങ്ങുന്ന ഈ ത്രില്ലർ ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് ഉദയ കൃഷ്ണയാണ്. ചിത്രം നിർമിക്കുന്നത് ഇലുമിനേഷൻസ്. സ്നേഹ, അമലപോൾ, ഐശ്വര്യ ലക്ഷ്മി എന്നിവരാണ് നായികമാർ. തെന്നിന്ത്യൻ താരം വിനയ് റായും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്.വിനയ് റായ് ആദ്യമായി മലയാളത്തിൽ അഭിനയിക്കുന്ന ചിത്രം കൂടിയാണിത്.
ഷൈൻ ടോം ചാക്കോ, ദിലീഷ് പോത്തൻ, സിദ്ദീഖ്, ജിനു എബ്രഹാം, വിനീത കോശി, വാസന്തി തുടങ്ങിയ താരങ്ങളും ചിത്രത്തിലുണ്ട്. ചിത്രത്തിൽ പൊലീസ് ഓഫീസറുടെ വേഷത്തിലാണ് മമ്മൂട്ടി എത്തുന്നത്. എറണാകുളം, പൂയംകുട്ടി, വണ്ടിപെരിയാർ എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം.
ഓപ്പറേഷൻ ജാവ ഒരുക്കിയ ഫൈസ് സിദ്ധിക്ക് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. സംഗീതം: ജസ്റ്റിൻ വർഗീസ്, എഡിറ്റിംഗ് മനോജ്.