സംവിധായകന് വിഗ്നേഷ് ശിവന് നയന്താരയ്ക്കൊപ്പം ദുബായില്‍ ജന്മദിനം ആഘോഷിക്കുന്ന ചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. എന്നാല്‍ ആ ചിത്രത്തിനൊപ്പം വിഗ്നേഷ് നെഞ്ചോട് ചേര്‍ക്കുന്ന കുറച്ച് നിമിഷങ്ങള്‍ കൂടിയുണ്ട്.
അമ്മയെ വിദേശരാജ്യത്ത് കൊണ്ടുവരിക എന്നത് തന്റെ സ്വപ്നമായിരുന്നുവെന്നും എല്ലാ പ്രിയപ്പെട്ടവര്‍ക്കൊപ്പം ഈ പിറന്നാള്‍ ആഘോഷിക്കാന്‍ സാധിച്ചതില്‍ ദൈവത്തിനോട് നന്ദിയെന്നും താരം കുറിച്ചു. കുടുംബത്തോടൊപ്പം ചെലവഴിച്ച ഈ പിറന്നാളാണ് ജീവിതത്തിലെ ഏറ്റവും മനോഹരമായ പിറന്നാളെന്നും വിഘ്നേഷ് ശിവൻ പറഞ്ഞു.
‘‘എന്റെ അമ്മയെ വിദേശ രാജ്യങ്ങളിൽ കൊണ്ടുപോയി, അംബര ചുംബികളായ കെട്ടിടങ്ങളും പുതിയ പുതിയ ആളുകളും ഇതുവരെ കണ്ടിട്ടില്ലാത്ത വസ്തുക്കളും ഒക്കെ കാണിക്കുമ്പോൾ അമ്മയുടെ മുഖത്തുണ്ടാകുന്ന വ്യത്യസ്ത ഭാവങ്ങൾ കണ്ട് ആസ്വദിക്കുക എന്നത് എക്കാലത്തെയും എന്റെ സ്വപ്നമായിരുന്നു. അമ്മയുടെ മുഖത്ത് മിന്നിമായുന്ന ഈ സന്തോഷം എന്റെ ജീവിതത്തെ സംതൃപ്തമാക്കുന്നു.
ഞാൻ ചെയ്യുന്ന എല്ലാ കഠിനാധ്വാനങ്ങൾക്കും അർഥമുണ്ടാകുന്നതും ജീവിതം പൂർണമാകുന്നതും ഇപ്പോൾ മാത്രമാണ്. അമ്മയുടെ ഈ സന്തോഷം ജീവിതം എനിക്ക് തന്ന എല്ലാ നല്ല കാര്യങ്ങൾക്കും മുകളിലാണ്.
എന്റെ ഈ ജന്മദിനത്തിന് കുടുംബത്തോടൊപ്പം ദുബായ് സന്ദർശിച്ച ഈ കുറച്ച് ദിവസങ്ങളും അവരോടൊപ്പം ഞാൻ നെഞ്ചേറ്റിയ എല്ലാ ആവേശവും സന്തോഷവും എപ്പോഴും എന്റെ ഹൃദയത്തിൽ കുളിർമയായുണ്ടാകും. എന്റെ ബക്കറ്റ് ലിസ്റ്റിലെ കുഞ്ഞുകുഞ്ഞ് ആഗ്രഹങ്ങളിൽ ഭൂരിഭാഗവും സത്യമാകാൻ സഹായിച്ച ദൈവത്തിനും പ്രപഞ്ചത്തിനും നന്ദി.’’–വിഘ്നേഷ് കുറിച്ചു.