+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

"അതു കേൾക്കുമ്പോൾ തല വട്ടം ചുറ്റുന്നതുപോലെ തോന്നും'

ഏതൊരു താരവും കൊതിക്കുന്ന കഥാപാത്രമാണ് പത്തൊന്പതാം നൂറ്റാണ്ടിലെ നങ്ങേലിയെന്നും എന്നെപ്പോലൊരു തുടക്കക്കാരിക്ക് കിട്ടാവുന്നതിൽ വച്ച് ഏറ്റവും നല്ല കഥാപാത്രമാണിതെന്നും കന്നഡ താരം കയാദു ലോഹർ. ഒരഭിമുഖത്തിലാണ

ഏതൊരു താരവും കൊതിക്കുന്ന കഥാപാത്രമാണ് പത്തൊന്പതാം നൂറ്റാണ്ടിലെ നങ്ങേലിയെന്നും എന്നെപ്പോലൊരു തുടക്കക്കാരിക്ക് കിട്ടാവുന്നതിൽ വച്ച് ഏറ്റവും നല്ല കഥാപാത്രമാണിതെന്നും കന്നഡ താരം കയാദു ലോഹർ. ഒരഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്.

നങ്ങേലി എന്ന സ്ത്രീ യഥാർഥത്തിൽ ജീവിച്ചിരുന്നോ എന്ന കാര്യത്തിൽ ചരിത്രകാരന്മാർക്ക് അഭിപ്രായൈക്യമില്ലെങ്കിലും വിനയന്‍റെ പത്തൊൻപതാം നൂറ്റാണ്ടിലെ നങ്ങേലി പ്രേക്ഷകർക്ക് ഉജ്വലമായ ഒരനുഭവമാണെന്നാണ് വിലയിരുത്തൽ. ഒരു കന്നഡ സിനിമ മാത്രം ചെയ്തു പരിചയമുള്ള കയാദു അതിശക്തയായ നങ്ങേലിയായി മാറുന്ന കാഴ്ചയാണ് സിനിമയിൽ കണ്ടത്. കയാദുവിന്‍റെ വാക്കുകൾ ഇങ്ങനെ...

"നങ്ങേലിയെക്കുറിച്ചുള്ള സംവിധായകൻ വിനയന്‍റെ സങ്കൽപത്തെ പൂർണതയിലെത്തിക്കാൻ മാത്രമാണ് ഞാൻ ശ്രമിച്ചത്. പത്തൊൻപതാം നൂറ്റാണ്ടിന്‍റെ സെറ്റ് എനിക്കൊരു പരിശീലനക്കളരിയായിരുന്നു. മലയാളികളുടെ സ്നേഹം കണ്ടു മനസ് നിറഞ്ഞു. കൂടുതൽ സിനിമകൾ മലയാളത്തിൽ ചെയ്യാൻ ആഗ്രഹമുണ്ട്.

ആദ്യത്തെ മലയാളം സിനിമയിൽ ആരും കൊതിക്കുന്ന കഥാപാത്രമാണിത്. ഞാൻ കേരളത്തിൽ വന്നശേഷമുള്ള ആദ്യത്തെ അഞ്ചു പത്തു ദിവസം ചുറ്റുമുള്ളവർ പറയുന്നതൊന്നും എനിക്ക് മനസിലാകുന്നതേ ഇല്ലായിരുന്നു. അതു കേൾക്കുമ്പോൾ തല വട്ടം ചുറ്റുന്നതുപോലെ തോന്നും. മലയാളം എനിക്ക് ശരിക്കും അപരിചിതമായ ഒരു ഭാഷയാണ്. എനിക്ക് തോന്നുന്നത് ഏറ്റവും കഠിനമായ ഭാഷകളിൽ ഒന്നാണ് മലയാളം എന്നാണ്.

പത്തൊൻപതാം നൂറ്റാണ്ട് ഒരു പീരിയോഡിക് സിനിമയാണ്. എനിക്ക് അത്തരം സിനിമയോ കഥാപാത്രമോ ചെയ്തു പരിചയമില്ല. വിനയൻ സർ ഞങ്ങൾക്ക് 15 ദിവസത്തെ വർക്‌ഷോപ്പ് തന്നു. അതിനു ശേഷമാണ് എനിക്ക് കഥാപാത്രവും ഭാഷയും മനസിലായിത്തുടങ്ങിയത്. ആ വർക്‌ഷോപ്പ് എനിക്ക് ഒരു പഠന യാത്രയായിരുന്നു.

ഈ സിനിമയിലെ എല്ലാ അഭിനേതാക്കളും അനുഭവപരിചയമുള്ളവരാണ്. ഒരു പുതുമുഖമായ എനിക്ക് ഈ സിനിമയുടെ സെറ്റിൽനിന്ന് ഒരുപാട് പഠിക്കാൻ അവസരം ലഭിച്ചു. കലാകാരിയായിട്ടുള്ള എന്‍റെ യാത്രയിൽ ഈ അനുഭവങ്ങൾ ഒരു മുതൽക്കൂട്ടായിരിക്കും.

ഷൂട്ടിംഗ് ആയപ്പോഴേക്കും എല്ലാ ഡയലോഗുകളുടെയും അർഥം ഞാൻ പഠിച്ചു കഴിഞ്ഞിരുന്നു. ഡയലോഗിന്‍റെ അർഥം മനസിലാക്കി പറഞ്ഞില്ലെങ്കിൽ ആ കഥാപാത്രത്തിന്‍റെ ആത്മാവ് ഉൾക്കൊണ്ട് അഭിനയിക്കാൻ ആവില്ല.

ഞാൻ സ്ക്രിപ്റ്റ് വായിച്ചു സംഭാഷണങ്ങൾ മംഗ്ലീഷിൽ എഴുതിയെടുക്കും പിന്നീട് അവ ഇംഗ്ലീഷിലേക്കോ ഹിന്ദിയിലേക്കോ കന്നഡയിലേക്കോ വിവർത്തനം ചെയ്യും. അതുകൊണ്ടുതന്നെ ഞാൻ എന്താണു പറയാൻ പോകുന്നതെന്ന് പൂർണ ബോധ്യം ഉണ്ടായിരുന്നു. സിനിമ കണ്ടുകഴിഞ്ഞ് എല്ലാവരും പറയുന്നത് എന്നെക്കാണാൻ ഒരു മലയാളി പെൺകുട്ടിയെപ്പോലെ ഉണ്ടെന്നാണ്.

മലയാളികൾ പറയുന്നതുപോലെ ഡയലോഗുകൾക്ക് ചുണ്ടനക്കിയെന്നും കമന്‍റുകൾ ലഭിക്കുന്നുണ്ട്. ഇത്തരം പ്രതികരണങ്ങൾ കേൾക്കുന്നത് സന്തോഷം തന്നെയാണ്..'- കയാദു പറയുന്നു.