പ്രേക്ഷകര്‍ ആകാംഷയോടെ കാത്തിരുന്ന കമല്ഹാസന്-ഷങ്കര്‍ ചിത്രം ഇന്ത്യന്‍ 2വിന്റെ ചിത്രീകരണം പുനരാംഭിച്ചു. ഷൂട്ടിംഗ് തുടങ്ങിയതിന് ശേഷം പലകാരണങ്ങളാല്‍ നിര്‍ത്തിവെയ്ക്കേണ്ടി വന്ന ചിത്രമാണ് ഇന്ത്യന്‍2. തുടർന്ന് സംവിധായകന് ഷങ്കറിനെതിരെ നിര്‍മാതക്കള്‍ നിയമനടപടികളിലേക്ക് വരെ കടന്നു.
രണ്ട് വര്‍ഷത്തിന് ശേഷം ചിത്രത്തിന്റെ ഷൂട്ടിംഗ് പുനരാരംഭിച്ച വാര്‍ത്ത സംവിധായകന് തന്നെയാണ് പങ്കുവച്ചത്.ഇന്ത്യൻ സിനിമയുടെ ബാക്കി ഷൂട്ടിംഗ് ആരംഭിക്കുമെന്നും എല്ലാവരുടേയും പിന്തുണയും ആശംസകളും വേണമെന്നുമാണ് ശങ്കർ കുറിച്ചത്.
Good morning Indians, we are glad to announce that the remaining shoot for Indian 2 is commencing today! Need all of your support and wishes 🙏🧿 https://t.co/s1CjKSGXYM
— Shankar Shanmugham (@shankarshanmugh) August 23, 2022
ചെന്നൈ പാരീസ് കോര്‍ണറിലെ എഴിലകം പരിസരത്ത് ചിത്രീകരണത്തിനു വേണ്ടിയുള്ള സെറ്റ് നിര്‍മാണം പൂർത്തിയായി കഴിഞ്ഞു. ചിത്രത്തിലെ പ്രധാന അഭിനേതാക്കളായ കമല്‍ഹാസനും കാജല്‍ അഗര്‍വാളും സെപ്റ്റംബറില്‍ ചിത്രത്തിൽ പങ്കുചേരും.
2020 ഫെബ്രുവരിയിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുന്നത്. ഷൂട്ടിങ്ങിനിടെ ലൊക്കേഷനില്‍ ഉണ്ടായ അപകടത്തില്‍ മൂന്ന് പേര് മരണപ്പെട്ടതും, കോവിഡ് നിയന്ത്രണങ്ങളും, സാമ്പത്തിക പ്രതിസന്ധിയും സിനിമയെ കാര്യമായി തന്നെ ബാധിച്ചിരുന്നു.
നടനും എംഎല്‍എയുമായ ഉദയനിധി സ്റ്റാലിന്റെ റെഡ് ജയിന്റ് മൂവിസ് സിനിമയുടെ നിർമാണ പങ്കാളിത്തം ലൈക്ക പ്രൊഡക്ഷന്സിനൊപ്പം ഏറ്റെടുത്തതാണ് സിനിമയെ വീണ്ടും കൈപിടിച്ചുയർത്തിയത്. 200 കോടി ബജറ്റിലാണ് ചിത്രം ഒരുക്കുന്നത്.
സിദ്ധാര്‍ഥ്, പ്രിയ ഭവാനി ശങ്കര്‍, ബോബി സിംഹ, ഗുരു സോമസുന്ദരം, ഡല്‍ഹി ഗണേഷ് എന്നിവരും ഇന്ത്യന്‍2 ല്‍ പ്രധാന വേഷങ്ങളിലെത്തും. രവി വര്മ്മന് ഛായാഗ്രഹണവും ശ്രീകര്‍ പ്രസാദ് എഡിറ്റിംഗും നിര്‍വഹിക്കുന്നു. അനിരുദ്ധ് ആണ് സംഗീതം.
കമൽഹാസന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിൽ ഒന്നാണ് ഇന്ത്യൻ സിനിമയിലെ സേനാപതി. 1996ൽ റിലീസ് ചെയ്ത ചിത്രത്തിലെ പ്രകടനത്തിന് മികച്ച നടനുള്ള ദേശീയ പുരസ്കാരം കമൽഹാസന് ലഭിച്ചിരുന്നു.