ജീവിതത്തിൽ ആദ്യമായിട്ടാണ് ഒരു മേയര്‍ രാജുവേട്ടാ എന്ന് വിളിച്ച് പരിപാടിക്ക് ക്ഷണിക്കുന്നതെന്ന് നടന് പൃഥ്വിരാജ്. തിരുവനന്തപുരം നഗരസഭയുടെ നേത്വത്തില്‍ കിഴക്കേകോട്ടയില്‍ നിര്‍മിച്ച കേരളത്തിലെ ഏറ്റവും വലിയ കാല്‍നട മേല്‍പാലത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്തെ ഏറ്റവും നീളമേറിയ കാല്‍നട മേല്‍പാലമാണ് കിഴക്കേകോട്ടയിലേത്. ജനിച്ച നാട്ടില്‍ വരുമ്പോള്‍ എല്ലാവര്‍ക്കുമുണ്ടാകുന്ന സന്തോഷമാണ് തനിക്കെന്നും ആദ്യമായാണ് ഒരു മേയര്‍ രാജുവേട്ടാ എന്ന് വിളിച്ച് പരിപാടിക്ക് ക്ഷണിക്കുന്നതെന്നും പൃഥ്വിരാജ് പറഞ്ഞു.
പ്രസംഗത്തിലാണ് മേയര്‍ ആര്യ രാജേന്ദ്രന് രാജുവേട്ടാ എന്ന് വിളിച്ച് ചടങ്ങിലേക്ക് ക്ഷണിച്ച കാര്യം നടന് പറഞ്ഞത്. ഒരുപാട് കാലത്തിന് ശേഷമാണ് തിരുവനന്തപുരത്ത് തന്റെ സിനിമയുടെ ഷൂട്ടിംഗ് നടക്കുന്നതെന്നും യാദൃച്ഛികവശാല്‍ ആ സമയം തന്നെ ഇതുപോലൊരു പൊതുപരിപാടി ഷെഡ്യൂള്‍ ചെയ്യപ്പെടാനും അതില്‍ ക്ഷണം ലഭിക്കാനും ഭാഗ്യം കിട്ടിയ വ്യക്തിയാണ് താനെന്നും പൃഥ്വിരാജ് പറഞ്ഞു. താരത്തെ കാണാനും ചടങ്ങിലേക്കുമായി വന്‍ ജനക്കൂട്ടമാണ് ഉദ്ഘാടനവേദിയിലേക്കെത്തിയത്.