ബുധനാഴ്ച രാത്രി കൊച്ചിയിലെ വിവിധ സ്ഥലങ്ങളില്‍ കുറച്ചു തേനീച്ചകള്‍ പറന്നുനടക്കുകയായിരുന്നു. തേനോളം മധുരമുള്ള സ്പ്നങ്ങളുടെ പോസ്റ്ററുകളും കൈയ്യില്‍ പിടിച്ച് നടക്കുന്ന അവരുടെ വീഡിയോയാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.
18-ന് റിലീസ് ചെയ്യുന്ന ലാല്‍ ജോസ് ചിത്രം സോളമന്റെ തേനീച്ചകളുടെ പോസ്റ്ററുകള്‍ കൊച്ചി നഗരത്തിലെ ചിലയിടങ്ങളില്‍ പതിപ്പിച്ചത് ചിത്രത്തിലെ താരങ്ങള്‍ തന്നെയായിരുന്നു. വിന്‍സി അലോഷ്യസ്, ദര്‍ശന, ആഡിസ്,ശംഭു എന്നിവരാണ് തങ്ങളുടെ ആദ്യ ചിത്രത്തിന്റെ പോസ്റ്ററൊട്ടിക്കാന്‍ ഇറങ്ങിയത്.
സംവിധായകന് ലാല്‍ ജോസും ഇവര്‍ക്കൊപ്പം കൂടി. ചിത്രത്തിലെ കഥാപാത്രങ്ങളുടെ വേഷത്തില്‍ തന്നെ ഇവര്‍ പോസ്റ്റര്‍ ഒട്ടിക്കാനിറങ്ങിയത് എല്ലാവരിലും കൗതുകമുണര്‍ത്തി. പോസ്റ്റര്‍ പതിപ്പിക്കുക എന്നത് ഒരു ചെറിയ കാര്യമല്ലെന്നും അതും ഒരു സിനിമ പ്രവര്‍ത്തനമാണെന്ന് സംവിധായകന് വീഡിയോയില്‍ പറയുന്നുണ്ട്.
ലാല്‍ ജോസും സംഗീത സംവിധായകന് വിദ്യാസാഗറും 10 വര്‍ഷത്തിനു ശേഷം ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ഇതിനുണ്ട്. പി.ജി. പ്രഗീഷ് തിരക്കഥ ഒരുക്കിയ ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത് അജ്മല്‍ സാബുവാണ്. എഡിറ്റിംഗ് രഞ്ജന്‍ എബ്രഹാം, ഗാനരചന വയലാര്‍ ശരത്, വിനായക് ശശികുമാര്‍.